കുടുംബശ്രീ സരസ് മേളയില്‍ സാന്നിധ്യമറിയിച്ച് അട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള സംരംഭകര്‍. സര്‍ക്കാര്‍ പട്ടയഭൂമിയില്‍ കൃഷിചെയ്തുണ്ടാക്കിയ ഉത്പന്നങ്ങളുമായാണ് ഇവര്‍ മേളയിലെത്തിയിരിക്കുന്നത്. മുളയരി, കുരുമുളക്, കറുവപ്പട്ട, ഏലക്ക, എള്ള്, കസ്തൂരിമഞ്ഞള്‍, കുന്തിരിക്കം, മുതിര, തുവര, കുതിരവാലി അരി, തിന, ചാമ, ചോളപ്പൊടി, ഗരംമസാല, തുടങ്ങിയവയാണ് ഇവരുടെ സ്റ്റാളിലെ ഉത്പന്നങ്ങള്‍. കര്‍ഷകരില്‍ നിന്നും ഉത്പന്നങ്ങള്‍ ശേഖരിച്ച് വില്‍പനയക്കെത്തിക്കുന്നത് ആനക്കട്ടി മല്ലീശ്വരി പ്രൊഡ്യൂസേഴ്‌സ് മില്ലാണ്. സമിതി പ്രസിഡന്റ് വൈരമ്മയും സെക്രട്ടറി പുഷ്പയുമാണ് 5000 ത്തോളം വരുന്ന മഹിളാ കര്‍ഷകരുടെ പ്രതിനിധികളായി സ്റ്റാളില്‍ എത്തിയിരിക്കുന്നത്. ഹില്‍ വാല്യൂ എന്ന ബ്രാന്റ് നാമത്തില്‍ വില്‍ക്കുന്ന മണ്ണിന്റെ മണമുള്ള ഇവരുടെ ഉത്പന്നങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് മേളയില്‍ ലഭിക്കുന്നത്.

അട്ടപ്പാടിയിലെ ആദിവാസികളുടെ സമഗ്ര പുരോഗതിക്കായുള്ള കുടുംബശ്രീയുടെ ചുവടുവയ്പ്പായിരുന്നു 2018 ല്‍ തുടങ്ങിയ ഹില്‍ വാല്യൂ ബ്രാന്‍ഡ്. ഈ കാര്‍ഷിക ഉപജീവന സംരംഭത്തിലൂടെ അട്ടപ്പാടിയില്‍ 1037 സംഘകൃഷി ഗ്രൂപ്പുകളിലായി 4606 മഹിളാ കര്‍ഷകര്‍ 2505 ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്തു വരുന്നു. പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്‍ വഴി കര്‍ഷകരില്‍ നിന്നും ഉത്പന്നങ്ങള്‍ ശേഖരിച്ചാണ് വില്‍പന നടത്തുന്നത്. ഓണ്‍ലൈന്‍ വിപണിയിലും സജ്ജീവമാണിവര്‍. കൂടാതെ സരസ് പോലുള്ള ഒട്ടുമിക്ക മേളകളിലും ഇവര്‍ പങ്കാളികളാകാറുണ്ട്.