ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനിലിന്റെ പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി വഴി അപേക്ഷ നല്‍കിയ 12 പേര്‍ക്കു മുന്‍ഗണനാ റേഷന്‍ കാര്‍ഡ് അനുവദിച്ചു. മാര്‍ച്ചില്‍ നടന്ന ഫോണ്‍-ഇന്‍ പരിപാടിയില്‍ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചാണു തീരുമാനം. ഈ മാസത്തെ ഫോണ്‍ ഇന്‍ പരിപാടി ഏപ്രില്‍ 4 ന് നടന്നു.28 പരാതികള്‍ ലഭിച്ചിരുന്നു, ഇവ പരിശോധിച്ച് അടിയന്തര തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കി.

മാര്‍ച്ചിലെ ഫോണ്‍ ഇന്‍ പരിപാടിയില്‍ 24 പരാതികളായിരുന്നു ലഭിച്ചത്. ഇതില്‍ 22 എണ്ണം മുന്‍ഗണനാ കാര്‍ഡുകള്‍ അനുവദിക്കുന്നതു സംബന്ധിച്ചവയായിരുന്നു. എ.എ.വൈ. വിഭാഗത്തിലേക്കു മാറുന്നതിനും റേഷന്‍ കടകളില്‍നിന്നു ബില്ല്, റേഷന്‍ വിഹിതം എന്നിവ കൃത്യമായി ലഭിക്കുന്നതുമായി ബന്ധപ്പെട്ടും ഓരോ പരാതികളും ലഭിച്ചു. പി.എച്ച്.ച്ച്. ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയവര്‍ക്കു പുറമേ ഏഴു പേര്‍ക്കുകൂടി മുന്‍ണനാ കാര്‍ഡിന് അര്‍ഹതയുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവരോട് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചു. വീടിന്റെ തറവിസ്തീര്‍ണം 1000 ചതുരശ്ര അടിക്കു മുകളിലായതിനാല്‍ മൂന്നു പേരുടെ അപേക്ഷ സിവില്‍ സപ്ലൈസ് കമ്മിഷണറുടെ പ്രത്യേക അനുമതിയോടെ പരിശോധിക്കാനും നിര്‍ദേശം നല്‍കി.

2021 ജൂണ്‍ മുതലാണു ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി ആരംഭിച്ചത്. പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണു പൊതുജനങ്ങള്‍ക്കിടയില്‍ പരിപാടിയോടു ലഭിക്കുന്നത്. ശരാശരി 25 പേര്‍ക്കു മാത്രമേ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയില്‍ പങ്കെടുക്കാനാകൂ എന്ന പരാതി പരിഹരിക്കുന്നതിന് 8943873068 എന്ന സ്ഥിരം പരാതി പരിഹാര സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.