പ്രളയാനന്തര ഫലമായി അടിഞ്ഞു കൂടിയ വസ്തുക്കള്‍ അടുത്ത മഴക്കാലത്തിന് മുന്‍പായി  നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പ്രളയാനന്തര ഫലമായി അടിഞ്ഞു കൂടിയ മണ്ണും എക്കലും മറ്റ് അവശിഷ്ടങ്ങളും എടുത്തു മാറ്റുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നീ നദികളിലെ പ്രളയാവശിഷ്ടങ്ങളാണ് എടുത്തു മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.

വീണ്ടുമൊരു വര്‍ഷകാലം എത്തുന്നതിന് മുന്‍പ് ഗ്രാമപഞ്ചായത്തുകള്‍ ഇവ നിക്ഷേപിക്കാന്‍ ആവശ്യമായ യാര്‍ഡ് കണ്ടെത്തണമെന്നും നദിയുമായി ബന്ധപ്പെട്ട് കിടക്കുന്ന കൈത്തോട്, കൈവഴി എന്നിവയിലെ അവശിഷ്ടങ്ങള്‍ തൊഴിലുറപ്പ് പദ്ധതി വഴിയും നീക്കം ചെയ്യാന്‍ സാധിക്കണമെന്നും കളക്ടര്‍ പറഞ്ഞു. എല്ലാ പഞ്ചായത്തുകളും ഈ പദ്ധതിക്ക് പ്രാതിനിധ്യം നല്‍കണം. എന്നാല്‍, മഴയുടെ ആഘാതം വരുന്നതിന് മുന്‍പ് തന്നെ പ്രാദേശികമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവയും കണ്ടെത്തി ജനകീയ പങ്കാളിത്തത്തോടെ പ്രശ്നം പരിഹരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ആഴമുള്ള സ്ഥലങ്ങളിലും, യന്ത്ര സഹായത്തോടെ ചെയ്യേണ്ടിടത്തും ജലസേചന വകുപ്പിന്റെയും ദുരന്ത നിവാരണ വിഭാഗത്തിന്റെയും പഞ്ചായത്തിന്റെയും സംയോജിതമായ പ്രവര്‍ത്തനമാണ് ആവശ്യം. നിക്ഷേപിക്കാന്‍ കണ്ടെത്തുന്ന യാര്‍ഡുകള്‍ക്ക് വാടക നല്‍കണമെങ്കില്‍ അതു പരിഗണിക്കുമെന്നും ശേഖരിക്കപ്പെടുന്ന വസ്തുക്കളുടെ സുരക്ഷയ്ക്കായി ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുമെന്നും കളക്ടര്‍ പറഞ്ഞു.