അജൈവമാലിന്യ സംസ്‌കരണം രംഗത്ത് വിപ്ലവ മാറ്റം സാധ്യമാക്കുന്ന ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന് ജില്ലയില്‍ തുടക്കമാകുന്നു.തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ നിരീക്ഷിക്കുന്നതിനാണ് ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്മെന്റ് സിസ്റ്റം എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍. പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു.കല്‍പ്പറ്റ മജസ്റ്റിക് ഹോട്ടലില്‍ നടന്ന പരിശീലനം പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ പി ജയരാജ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട ഹരിതകേരളം,ശുചിത്വ മിഷന്‍, കുടുബശ്രീ ഉദ്യോഗാര്‍ത്ഥികള്‍ക്കായിരുന്നു പരിശീലനം. ആപ്പ് പ്രവര്‍ത്തനങ്ങള്‍,വിവിധ വിഭാഗങ്ങള്‍ക്കുള്ള നേട്ടങ്ങള്‍ വിശദീകരിച്ചു.
സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഹരിത മിത്രം ആപ്ലിക്കേഷന്‍ പദ്ധതിയില്‍ ജില്ലയില്‍ ആദ്യഘട്ടത്തില്‍ കോട്ടത്തറ,തൊണ്ടര്‍നാട്,എടവക,മുള്ളന്‍കൊല്ലി, അമ്പലവയല്‍, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, മീനങ്ങാടി എന്നീ ഒമ്പത് ഗ്രാമപഞ്ചായത്തുകളും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയുമടക്കം പത്ത് തദ്ദേശസ്ഥാപനങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മാലിന്യസംസ്‌കരണ മേഖലയിലെ ഓരോ പ്രവര്‍ത്തനവും അതാത് സമയങ്ങളില്‍ തന്നെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡ് തലം വരെ മോണിട്ടര്‍ ചെയ്യുന്നതിനായി കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരളം മിഷന്‍,ശുചിത്വ മിഷന്‍,കില എന്നിവരുടെ സഹകരണത്തോടെ വികസിപ്പിച്ച ആപ്ലിക്കേഷനാണ് ഹരിത മിത്രം.
വീടുകള്‍,കടകള്‍ ,ആശുപത്രികള്‍,ഓഡിറ്റേറിയങ്ങള്‍ ആരാധനാലയങ്ങള്‍ ,പൊതുസ്ഥലങ്ങള്‍ തുടങ്ങിയ മാലിന്യം രൂപപ്പെടുന്ന സ്ഥലങ്ങളുടെയും നിലവിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെയും വിവരങ്ങള്‍ ഇതിലൂടെ ലഭ്യമാവും.ഹരിത കര്‍മ്മ സേനയുടെ യൂസര്‍ഫീ ശേഖരണം,കലണ്ടര്‍ പ്രകാരമുള്ള പാഴ് വസ്തു ശേഖരണം തുടങ്ങിയ വിവരങ്ങളും അറിയാന്‍ സാധിക്കും.കൃത്യമായ രീതിയില്‍ യൂസര്‍ഫീ ലഭിക്കാത്തതാണ് ഹരിത കര്‍മ്മ സേന നേരിടുന്ന പ്രധാന വെല്ലുവിളി.ഈ ആപ്പ് വരുന്നതു വഴി യൂസര്‍ഫീ നല്‍കാത്ത വീടുകളേയും സ്ഥാപനങ്ങളേയും എളുപ്പത്തില്‍ കണ്ടുപിടിക്കാനാകുകയും വാതില്‍പ്പടി ശേഖരണം കൃത്യമായി നടപ്പിലാക്കാനും സാധിക്കും.ഗുണഭോക്താക്കള്‍ക്ക് സേവനം ആവശ്യപ്പെടുന്നതിനും പരാതികള്‍ അറിയിക്കുന്നതിനും ഫീസുകള്‍ അടയ്ക്കുന്നതിനുമുള്ള സംവിധാനവും ഇതിലൂടെ സാധ്യമാകുന്നു എന്നതാണ് ആപ്പിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്.
കൂടാതെ മലിനീകരണ പ്രശ്നങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. എംസിഎഫ്/മിനി എംസിഎഫ് തുടങ്ങിയവയുടെ ലൊക്കേഷന്‍ മാപ്പ് ,മാലിന്യവും പാഴ് വസ്തുക്കളും നീക്കം ചെയ്യുന്നതിനുപയോഗിക്കുന്ന വാഹനങ്ങളുടെ സഞ്ചാരദിശ ജി.പി.എസ് സംവിധാനം ഉപയോഗപ്പെടുത്തി ട്രാക്ക് ചെയ്യല്‍ എന്നിവയും ഇതിലൂടെ ഉറപ്പാക്കാനാവും. മാലിന്യ സംസ്‌കരണ സേവനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനതലം മുതല്‍ സംസ്ഥാനതലം വരെയുള്ള വിവരങ്ങള്‍ തത്സമയം കാണാന്‍ കഴിയുന്ന ഡാഷ്ബോര്‍ഡും ഉള്‍പ്പടെയുള്ള സമഗ്രമായ ഒരു വെബ് പേര്‍ട്ടല്‍ ഈ മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി ഉണ്ടാകും.