സംസ്ഥാനതലത്തില്‍ വയനാട് രണ്ടാമത്
തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2021-22 പദ്ധതി വിനിയോഗത്തില്‍ 93.32 ശതമാനം തുക ചെലവഴിച്ച് വയനാട് ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. പൊതു വിഭാഗത്തില്‍ 97.31 ശതമാനവും പട്ടികജാതി ഉപപദ്ധതിയില്‍ 95.08 ശതമാനം ചെലവഴിച്ച് സംസ്ഥാനത്ത് ഒന്നാമതും, പട്ടികവര്‍ഗ്ഗ ഉപ പദ്ധതിയില്‍ 95.31 ശതമാനം ചെലവഴിച്ച് സംസ്ഥാനത്ത് നാലാമതുമാണ് ജില്ല. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സംസ്ഥാന തലത്തിലുള്ള വിനിയോഗം 85.98 ശതമാനമാണ്. 100.51 ശതമാനം തുക വിനിയോഗിച്ച് ജില്ലാ പഞ്ചായത്തുകളുടെ വിഭാഗത്തില്‍ സംസ്ഥാനത്ത് വയനാട് ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നികുതി പിരിവില്‍ ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തി.
ജില്ലാ ആസുത്രണ ഭവന്‍ എ പി ജെ ഹാളില്‍ നടന്ന ആസുത്രണ സമിതി യോഗം പദ്ധതി വിനിയോഗം വിലയിരുത്തി. ജില്ല അഭിനന്ദനാര്‍ഹമായ നേട്ടമാണ് കൈവരിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആസൂത്രണ സമിതി ചെയര്‍പേഴ്‌സണുമായ സംഷാദ് മരക്കാര്‍ പറഞ്ഞു. മെയിന്റനന്‍സ് ഫണ്ട് വിഭാഗത്തില്‍ 79 ശതമാനം തുക ചെലവഴിച്ച് ജില്ല സംസ്ഥാനത്ത് ഒന്നാമതാണ്. നോണ്‍ റോഡ് വിഭാഗത്തില്‍ 70 ശതമാനവും റോഡ് വിഭാഗത്തില്‍ 85 ശതമാനവും തുക ചെലവഴിച്ചു. ഗ്രാമപഞ്ചായത്തുകളിലെ ഫണ്ട് വിനിയോഗത്തില്‍ കോട്ടത്തറ(105.63%) പഞ്ചായത്താണ് ഒന്നാമത്. നൂല്‍പ്പുഴ (103.63%), വെള്ളമുണ്ട(101.83%) ഗ്രാമ പഞ്ചായത്തുകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ബ്ലോക്ക് പഞ്ചായത്തുകളില്‍ 99.36 % ഫണ്ട് വിനിയോഗിച്ച് മാനന്തവാടി ഒന്നാമതും, കല്‍പ്പറ്റ(92.03%), സുല്‍ത്താന്‍ ബത്തേരി (87.19 %)ബ്ലോക്ക് പഞ്ചായത്തുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. നഗരസഭയില്‍ കല്‍പ്പറ്റ(98.88%), സുല്‍ത്താന്‍ ബത്തേരി (74.20%), മാനന്തവാടി (71.08 %) എന്നിങ്ങനെയാണ് ഫണ്ട് വിനിയോഗം. കല്‍പ്പറ്റ നഗരസഭ സംസ്ഥാനത്ത് പതിനാലാം സ്ഥാനത്തും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്ത് അമ്പതാം സ്ഥാനത്തും കോട്ടത്തറ ഗ്രാമ പഞ്ചായത്ത് തൊണ്ണൂറ്റി രണ്ടാം സ്ഥാനത്തുമാണ്.
സ്‌കൂള്‍, അംഗന്‍വാടി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ മെയ് 31 നകം പൂര്‍ത്തിയാക്കണം
സ്‌കൂള്‍ അംഗന്‍വാടി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ മെയ് 31 നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ആസുത്രണ സമിതി. സ്‌കൂളുകളുടെ മേല്‍ക്കൂര ആസ്ബറ്റോസ് രഹിതമാക്കണമെന്നും അധികൃതര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. 2022-23 വാര്‍ഷിക പദ്ധതിയിലെ ആദ്യ ഘട്ട പ്രോജക്ടുകള്‍ക്ക് ഏപ്രില്‍ 11 നകം ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ധനകാര്യകമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്തിട്ടുള്ള 2022-23 വര്‍ഷത്തെ പ്രോജക്ടുകള്‍ക്കും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങേണ്ടതാണ്. യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. ഗീത, ജില്ല പ്ലാനിങ്ങ് ഓഫീസര്‍ ആര്‍.മണിലാല്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.