ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലയാളം സാക്ഷരത നൽകുന്നതിന് വിജയപുരം ഗ്രാമപഞ്ചായത്തിൽ ചങ്ങാതി പദ്ധതി നടപ്പാക്കുന്നു. തൊഴിലാളികളെ കണ്ടെത്തി വിവരശേഖരണം നടത്തുന്നതിനുള്ള സർവേ ഏപ്രിൽ 10ന് ആരംഭിക്കും.
കോട്ടയം മൗണ്ട് കാർമൽ ബി.എഡ് കോളജിലെ വിദ്യാർഥികൾ, സാക്ഷരത മിഷൻ തുല്യത പഠിതാക്കൾ, പ്രേരക്മാർ, കുടുംബശ്രീ ഭാരവാഹികൾ എന്നിവർ തൊഴിലാളി ക്യാമ്പുകളിലെത്തി സർവേ നടത്തും. തൊഴിലാളികൾക്ക് മലയാള ഭാഷയുടെ പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതാണ് പദ്ധതി. ഡയറ്റിൽ നിന്ന് പരിശീലനം ലഭിച്ചവരാണ് തൊഴിലാളികൾക്ക് ക്ലാസെടുക്കുക.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽചേർന്ന ആലോചന യോഗം പള്ളം ബ്ലോക്ക് പ്രസിഡന്റ് ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.റ്റി. സോമൻകുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് പുറമേ സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. വി.വി. മാത്യു, ഡയറ്റ് സീനിയർ ലക്ചറർ സ്മിത ശങ്കർ, എം.ആർ.എഫ്. എച്ച്.ആർ. മാനേജർ പി. പ്രവീൺ, മൗണ്ട് കാർമൽ ബി.എഡ്. സ്‌കൂൾ അധ്യാപിക റോസ് ലിമ, വിജയപുരം സാക്ഷരതാ പ്രേരക് ഐവി ഐപ്പ് എന്നിവർ പങ്കെടുത്തു.