മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ആസ്തി സൃഷ്ടിക്കുന്ന പ്രവൃത്തികൾ ഏറ്റെടുക്കുന്നതിൽ കോട്ടയം ജില്ല സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയതായി പദ്ധതിയുടെ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്ററും ജില്ലാ കളക്ടറുമായ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.
സുഭിക്ഷകേരളം, ശുചിത്വകേരളം പദ്ധതികളിലൂടെ ശാശ്വത ആസ്തി സൃഷ്ടിക്കുന്നതിലാണ് ജില്ലയുടെ നേട്ടം. കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയ്ക്ക് 49.76 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനായി. ജില്ലയിൽ 67.45 ശരാശരി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനായി. 25,337 കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ ലഭിച്ചു. ജില്ലയിൽ മൊത്തം 73,750 കുടുംബങ്ങൾക്ക് പദ്ധതിയിലൂടെ തൊഴിൽ നൽകാനായി. വേതനമായി 146.30 കോടി രൂപയും മെറ്റീരിയൽ ഫണ്ടായി 43.07 കോടി രൂപയും ചെലവഴിച്ചു.
ജില്ലയിൽ 1282 കാലിത്തൊഴുത്തും 1486 ആട്ടിൻകൂടും 1527 കോഴിക്കൂടും 343 കൃഷിക്കുള്ള കുളങ്ങളും 395 അസോള ടാങ്കുകളും 496 കിണർ റീ-ചാർജ്ജിംഗ് സംവിധാനവും കുടുംബശ്രീ സ്വയം സഹായ സംഘങ്ങൾക്കുള്ള 19 വർക്ക് ഷെഡുകളുടെ നിർമാണവും പൂർത്തീകരിച്ചു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി 108 ഏക്കറിൽ തീറ്റപ്പുൽകൃഷി നടപ്പാക്കി. ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി 2415 കമ്പോസ്റ്റ് പിറ്റുകളും 2719 സോക് പിറ്റുകളും 103 മിനി എം.സി.എഫുകളും നിർമിച്ചു.
സമയബന്ധിതമായി വേതനം നൽകുന്നതിലും ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ്-99.87 ശതമാനം. ജില്ലയിലെ കാഞ്ഞിരപ്പള്ളി, ളാലം, പാമ്പാടി, കടുത്തുരുത്തി, ഉഴവൂർ, വാഴൂർ ബ്ലോക്കുകൾ സമയബന്ധിതമായി വേതന വിതരണം നടത്തുന്നതിൽ 100 ശതമാനം നിലനിർത്തുന്നു.

പദ്ധതിയിലുൾപ്പെടുത്തി തോടുകൾ, നീർച്ചാലുകൾ, കുളങ്ങൾ, പാടശേഖരങ്ങളുടെ പുറംബണ്ട് എന്നിവയുടെ വശങ്ങൾ ബലപ്പെടുത്തുന്നതിനായി 1,60,860 ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്രം ഉപയോഗിച്ചിട്ടുള്ളതായി പദ്ധതിയുടെ ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.എസ്. ഷിനോ പറഞ്ഞു. സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ ജൂൺ അഞ്ചിന് നടുന്നതിന് 2,40,000 തൈകൾ ഉല്പാദിപ്പിക്കുന്നതിനുള്ള നഴ്‌സറികളുടെ പ്രവർത്തനം 56 ഗ്രാമപഞ്ചായത്തുകളിൽ പുരോഗതിയിലാണ്.
ജില്ലയിലെ കായലോര പ്രദേശങ്ങളിൽ കണ്ടൽ വനങ്ങൾ വച്ചുപിടിപ്പിക്കുന്ന പദ്ധതി ഏറ്റുമാനൂർ, വൈക്കം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളിൽ നടപ്പിലാക്കി.
പദ്ധതിയിലൂടെ അടുത്ത അഞ്ചുവർഷം ഏറ്റെടുക്കുന്ന മുഴുവൻ പ്രവൃത്തികളും ജിയോ ഗ്രാഫിക് ഇൻഫർമേഷൻ സംവിധാനത്തിൽ കൊണ്ടുവരാനുള്ള സർവേ 71 പഞ്ചായത്തുകളിലും പൂർത്തീകരിച്ചു.
തൊഴിലുറപ്പ് പദ്ധതിയിൽ അവിദഗ്ദ്ധ തൊഴിലാളികളെ വിദഗ്ദ്ധ തൊഴിലാളികളാക്കി മാറ്റുന്നതിനുള്ള ‘മികവ്’ പിരിശീലന പരിപാടിയിൽ കോരുത്തോട്, കൂട്ടിക്കൽ, പള്ളിക്കത്തോട്, എലിക്കുളം ഗ്രാമപഞ്ചായത്തുകളിൽ ആരംഭിച്ചു. ഇതിന്റെ രണ്ടാംഘട്ടം പരിശീലനത്തിന് ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തു.

കേന്ദ്ര സർക്കാരിന്റെ ഉന്നതി പദ്ധതിയിലൂടെ 100 ദിവസം പൂർത്തീകരിച്ച 68 പേർക്ക് തൊഴിൽ പരിശീലനം നൽകി. 486 രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 25 മാനദണ്ഡങ്ങളുടെ പുരോഗതി വിലയിരുത്തുമ്പോൾ മാർച്ച് 31 ലെ കണക്കുകൾ പ്രകാരം ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ 11 മാസമായി ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തായിരുന്നു. പദ്ധതി നടത്തിപ്പിൽ ളാലം ബ്ലോക്ക് ജില്ലയിൽ ഒന്നാം സ്ഥാനത്താണ്.