എന്റെ കേരളം മെഗാ മേള കണ്ട് നടന്ന് ക്ഷീണിച്ചെങ്കില്‍ പവലിയന്റെ തൊട്ടുപിന്നിലായി ഒരുക്കിയ ഫുഡ് കോര്‍ട്ടില്‍ കയറാം. വനസുന്ദരിയാണ് കുടുബശ്രീ ഫുഡ് കോര്‍ട്ടിലെ താരം. അട്ടപ്പാടി ‘ഷോലെ പെരുമെ ‘ ആദിവാസി ഊരിലെ കുടുംബശ്രീ അംഗങ്ങളാണ് ഇത് തയ്യാറാക്കുന്നത്. പച്ചക്കുരുമുളകും കാന്താരിയും പാലക്കിലയും മല്ലിയും പുതിനയും കാട്ടുജീരകവും ചില പച്ചിലകളും ചേര്‍ത്തരച്ച കൂട്ടിലേക്ക് വേവിച്ച ചിക്കന്‍ ചേര്‍ത്ത് കല്ലില്‍ വച്ച് പൊള്ളിച്ച് ചതച്ചെടുത്താല്‍ വനസുന്ദരി റെഡി. അട്ടപ്പാടി ഊരുകളില്‍ കൃഷി ചെയ്യുന്ന കോഴി ജീരകമാണ് വനസുന്ദരി ചിക്കന്റെ പ്രധാന രുചിക്കൂട്ട്. പച്ചനിറത്തില്‍ തീന്‍മേശയിലേക്ക് എത്തുന്ന വനസുന്ദരി അട്ടപ്പാടി ആദിവാസി ഊരുകളിലെ തനത് വിഭവമാണ്.

മസാലപൊടികള്‍ ഒന്നും ചേര്‍ക്കാതെ തയ്യാറാക്കുന്ന ഈ വിഭവം ആരോഗ്യദായകമാണെന്ന് ഇവര്‍ പറയുന്നു. ഒരു പ്ലേറ്റിന് 120 രൂപയാണ് ഇതിന്റെ വില. റസ്റ്റോറന്റുകളില്‍ ലഭ്യമല്ലാത്ത വനസുന്ദരിക്ക് തിരക്കേറുകയാണ്.8000 ചതുരശ്ര അടിയിലുള്ള ഫുഡ് കോര്‍ട്ടില്‍ കുടുംബശ്രീയെ കൂടാതെ ഫിഷറീസ് സാഫ്, കെടിഡിസി, മില്‍മ , കേരള ദിനേശ് തുടങ്ങിയവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.തേങ്ങാപാല്‍ ചേര്‍ത്ത പൊറോട്ടയും മാങ്ങാ ചേര്‍ത്ത മീന്‍ കറിയുമാണ് ദിനേശ് ഫുഡ് കോര്‍ട്ടിലെ പ്രിയവിഭവം. ഫിഷറീസിന്റെ സാഫില്‍ കൂന്തല്‍, ഞണ്ട് ,ചെമ്മീന്‍ ,കല്ലുമ്മക്കായ തുടങ്ങിയ വിഭവങ്ങള്‍ നൂറുരൂപ മുതല്‍ ലഭ്യമാണ്. ഫുഡ് കോര്‍ട്ടിലെ വേറിട്ടൊരിടമാണ് പുട്ടോപിയ സ്റ്റാള്‍. പേരു പോലെ തന്നെ പുട്ട് വിഭങ്ങള്‍ കൊണ്ട് സമ്പന്നമാണിവിടം. ചെമ്മീന്‍ പുട്ട്, ബീഫ് പുട്ട്, ബിരിയാണി പുട്ട്, ചോക്ലേറ്റ് പുട്ട് , ഹെര്‍ബല്‍ പുട്ട് തുടങ്ങിയവയും വിവിധ ശീതള പാനീയങ്ങളും കാസര്‍ഗോഡ് വയനാട് പാലക്കാട് ജില്ലകളിലെ തനത് രുചികളും സ്റ്റാളിലുണ്ട്.