എട്ട് നൂറ്റാണ്ടിന്റെ പഴക്കമുള്ള കൈത്തറിയുടെ ചരിത്രം,  വർണ വൈവിധ്യം കൊണ്ടും സവിശേഷമായ ഘടന കൊണ്ടും ലോക ഫർണിഷിംഗ് വിപണി കീഴടക്കിയ കണ്ണൂർ ഫർണിഷിംഗുകൾ, തുളുനാടിന്റെ  തനിമയുള്ള കാസർകോടൻ സാരി..
പുത്തൻ പ്രതീക്ഷയുടെ ഊടും പാവും നെയ്ത് കൈത്തറി വ്യവസായ മേഖലക്ക് കരുത്തു പകരുന്ന കണ്ണൂർ തോട്ടടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലും ടെക്‌നോളജിയുടെ സ്റ്റാളുകൾ രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ പ്രദർശന നഗരിയിൽ ശ്രദ്ധേയമാവുന്നു.  ഭൗമ സൂചിക പദവി ലഭിച്ച കാസർഗോഡ് സാരി, കണ്ണൂർ ഫർണിഷിംഗ്, പാലക്കാട് സെറ്റ്മുണ്ട്, ചേന്ദമംഗലം ദോത്തി, കൂത്താമ്പുള്ളി സാരി, ബാലരാമപുരം സാരീ എന്നീ ആറ് കൈത്തറി ഉൽപ്പന്നങ്ങളുടെ മാതൃകകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവയുടെ ചരിത്രവും പ്രത്യേകതകളും നേരിട്ട് കണ്ടറിയാം.
 
സർക്കാരിന്റെ സൗജന്യ യൂണിഫോം പദ്ധതിയും യൂണിഫോമിന്റെ 45 വർണ വൈവിധ്യങ്ങളും കാണാം. കൂടാതെ ടെക്‌സ്‌റ്റൈൽ ടെസ്റ്റിംഗ് പരിചയപ്പെടാനും അവസരമുണ്ട്. നാല് സ്റ്റാളുകളിലായി ഒരുക്കിയ പ്രദർശനത്തിൽ സാരി ഡിസൈനിംഗിനുള്ള ജക്കാർഡ് സാരിത്തറി, ചർക്ക, ടേപ്പസ്ട്രി വീവിംഗ് എന്നിവയും കാണാം. പ്രകൃതിദത്ത ചായങ്ങളായ മഞ്ഞൾ, നെല്ലിക്ക, മൈലാഞ്ചി, രക്തചന്ദനം തുടങ്ങിയവയുടെ നിറങ്ങൾ പരുത്തി നൂലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 
കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രാലയത്തിനു കീഴിൽ കേരള സർക്കാർ വ്യവസായവകുപ്പിന്റെ നേതൃത്വത്തിലാണ്  തോട്ടടയിൽ ഐ ഐ എച്ച് ടി പ്രവർത്തിക്കുന്നത്. കൈത്തറി ടെക്‌സ്‌റ്റൈൽ വ്യവസായത്തിൽ ഉന്നത ശ്രേണിയിലുള്ള സാങ്കേതിക വിദഗ്ധരെയാണ് ഇവിടെ സൃഷ്ടിക്കുന്നത്. ഐ ഐ എച്ച് ടി എക്‌സിക്യുട്ടീവ് ഡയറക്ടർ എൻ ശ്രീധന്യൻ ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കോ ഓഡിനേറ്റർ സി കെ നിധുൻ, വി മനോഹരൻ, എൻ രാമകൃഷ്ണൻ, കെ ചന്ദ്രൻ എന്നിവരാണ് സ്റ്റാളിലുള്ളത്.