എല്ലാവരെയും മണ്ണിലേക്കും കൃഷിയിലേക്കും തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക് ‘ കാമ്പയിനിൻ്റെ ഭാഗമായി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ കിഴങ്ങുകൃഷിയുടെ നടീൽ ഉദ്ഘാടനം നടത്തി. പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സർവീസ് സെൻ്ററിൻ്റെ (ഗ്രീൻ ആർമി പാമ്പാക്കുട) ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ കിഴങ്ങുവർഗങ്ങളായ മരച്ചീനി, ചേമ്പ്, ചേന, കാച്ചിൽ എന്നെ കൃഷികളാണ് ആരംഭിച്ചത്. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആലീസ് ഷാജു ഉദ്ഘാടനം നിർവഹിച്ചു.

തിരുമാറാടിക്ക് സമീപം കാക്കൂരിൽ ഇൻകൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മൂന്നേക്കർ ഭൂമിയിലാണ് കിഴങ്ങ് കൃഷി ആരംഭിച്ചത്. ചടങ്ങിനോടനുബന്ധിച്ച് ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന പച്ചക്കറി കൃഷിയുടെ വിളവെടുപ്പും നടത്തി. ഒന്നരയേക്കറോളം സ്ഥലത്ത് പത്ത് വ്യത്യസ്ത ഇനം പച്ചക്കറികളുടെ രണ്ടാം ഘട്ട വിളവെടുപ്പാണ് നടത്തിയത്. പരിപാടിയിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ലളിത വിജയൻ അധ്യക്ഷത വഹിച്ചു.

കാർഷിക മേഖലയിൽ കൂടുതൽ യന്ത്രവത്ക്കരണം നടത്തി തൊഴിലാളിക്ഷാമം പരിഹരിച്ച് തരിശുഭൂമി തിരിച്ചുപിടിക്കുക എന്ന ഉദ്ദേശ്യത്തോടെ 2013ലാണ് കൃഷി വകുപ്പിന് കീഴിൽ പാമ്പാക്കുട മോഡൽ അഗ്രോ സർവീസ്‌ സെൻ്റർ ആരംഭിച്ചത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ അഗ്രോ സർവീസ് സെൻ്ററാണ് ഇത്.