2022 മാര്‍ച്ച് 20 ന് മുമ്പ് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം നല്‍കുന്നതിനുള്ള അപേക്ഷ മാര്‍ച്ച് 24 മുതല്‍ 60 ദിവസത്തിനകവും, 2022 മാര്‍ച്ച് 20 ന് ശേഷം മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം നല്‍കുന്നതിനുള്ള അപേക്ഷ മാര്‍ച്ച് 20 മുതല്‍ 90 ദിവസത്തിനകം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിതരില്‍ ആരെങ്കിലും അപേക്ഷ സമര്‍പ്പിക്കാനുണ്ടെങ്കില്‍ അക്ഷയ കേന്ദ്രം, വില്ലേജ് ഓഫീസ് മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ചെയര്‍മാനായി രൂപീകരിച്ചിട്ടുള്ള പരാതി പരിഹാര കമ്മിറ്റി മുമ്പാകെ കാലതാമസം മാപ്പാക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.