സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നടക്കുന്ന പ്രദർശന വിപണന മേളയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ കലക്ടറേറ്റിൽ യോഗം ചേർന്നു. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ കിഫ്ബി, ഐ.ഐ.ഐ.സി എന്നിവിടങ്ങളിലെ വിദഗ്‌ധർ സ്റ്റാളുകളുടെ മാർ​ഗരേഖ അവതരിപ്പിച്ചു. വിവിധ വകുപ്പുകളിൽ നിന്നുള്ള അഭിപ്രായങ്ങൾ സ്വീകരിച്ച് മാർ​ഗരേഖയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കലക്ടർ നിർദേശിച്ചു.

ഏപ്രിൽ 19 മുതൽ 26 വരെയാണ് ജില്ലയിലെ ആഘോഷ പരിപാടികൾ. മേളയിൽ എന്റെ കേരളം, കേരളത്തെ അറിയാം തുടങ്ങിയ തീം പവിലിയനുകൾ, വിപുലമായ ഫുഡ് കോർട്ട്, സാംസ്‌കാരിക പരിപാടികൾ, സെമിനാറുകൾ, നൂതന സാങ്കേതിക വിദ്യകളുടെ അവതരണം, അഗ്രികൾച്ചറൽ ഔട്ട്‌ഡോർ ഡിസ്‌പ്ലേ തുടങ്ങിയവയുണ്ടാകും. ടൂറിസം വകുപ്പ്, കൃഷി വകുപ്പ്, കുടുംബശ്രീ പി.ആർ.ഡി, വ്യവസായ വകുപ്പ് തുടങ്ങിയവയുടെ സ്റ്റാളുകൾ ഉണ്ടായിരിക്കും. വിവിധ വകുപ്പുകളുടെ ഒരു വർഷത്തെ വികസന നേട്ടങ്ങൾ പ്രദർശിപ്പിക്കും.

ജില്ലാ കലക്ടർ ചെയർമാനും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ വൈസ് ചെയർമാനുമാണ്. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറായി പ്രവർത്തിക്കും. ജില്ലയിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, കോർപറേഷൻ മേയർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘാടക സമിതി പരിപാടികൾക്ക് നേതൃത്വം നൽകും. വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും വിവിധ കമ്മറ്റികളുടെ അധ്യക്ഷരാകും.

യോ​ഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ‌ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, ഡി.ഡി.സി അനുപം മിശ്ര, ഡി.സി.പി. അമോസ് മാമൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ, സംഘാടക സമിതി കൺവീനർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.