സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തൃശൂര്‍ ജില്ലയില്‍ ഏപ്രില്‍ 18 മുതല്‍ 24 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ഫുഡ്കോര്‍ട്ട് സബ് കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കമ്മിറ്റി കണ്‍വീനറായ കുടുംബശ്രീ കോര്‍ഡിനേറ്റര്‍ കെ രാധാകൃഷ്ണന്‍ തീം അടിസ്ഥാനമാക്കി സ്റ്റാളുകള്‍ തയ്യാറാക്കുന്നതിനെക്കുറിച്ച് വിശദീകരിച്ചു. മേളയില്‍ 5000 ത്തിലധികം സ്‌ക്വയര്‍ ഫീറ്റിലാണ് ഫുഡ് കോര്‍ട്ട് ഒരുക്കുക. തദ്ദേശീയമായ തനത് ഉല്‍പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കര്‍ഷകര്‍, ഉല്‍പാദകര്‍ എന്നിവര്‍ക്ക് ഗുണം ലഭിക്കുന്ന രീതിയില്‍ ഫുഡ് കോര്‍ട്ട് സജ്ജീകരിക്കണമെന്ന് എന്‍ കെ അക്ബര്‍ എംഎല്‍എ അറിയിച്ചു. ചക്ക വിഭവങ്ങള്‍, കൊടുങ്ങല്ലൂരിലെ പൊട്ടുവെള്ളരി, പൈനാപ്പിള്‍, മാങ്ങ വിഭവങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഓരോ ഭക്ഷ്യ സ്റ്റാളുകളും വൈവിധ്യവും ആകര്‍ഷകവുമായ പേരുകള്‍ നല്‍കിയതുമായിരിക്കും. മില്‍മ, കെടിഡിസി, ജയില്‍, കുടുംബശ്രീ എന്നിവരുടെ വൈവിധ്യമാര്‍ന്ന സ്റ്റാളുകള്‍ ഫുഡ്കോര്‍ട്ടിന്റെ ആകര്‍ഷണങ്ങളാകും. ഓരോ ദിവസവും വ്യത്യസ്ഥമായ വെജിറ്റേറിയന്‍ ഭക്ഷണങ്ങളായിരിക്കും ഫുഡ്കോര്‍ട്ടില്‍ ഭക്ഷണപ്രിയരെ കാത്തിരിക്കുക.

ഫുഡ്കോര്‍ട്ടിന്റെ ഭാഗമായി പാചക മത്സരങ്ങള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. മേള നടക്കുന്ന 7 ദിവസങ്ങളില്‍ 7 വിഭാഗങ്ങളിലായാണ് മത്സരം നടത്തുക. മേളയ്ക്ക് മുന്നോടിയായി കുടുംബശ്രീ മുഖാന്തിരം ബ്ലോക്ക് തലത്തില്‍ മത്സരം നടത്തി വിജയികള്‍ക്ക് ഫുഡ് കോര്‍ട്ടില്‍ ഫൈനല്‍ മത്സരം നടത്തും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. യോഗത്തില്‍ ഫുഡ്കോര്‍ട്ട് കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.