സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ റോഡ് വികസന പദ്ധതികളിലൊന്നാണു മലയോര ഹൈവേ. കാസർഗോഡ് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ 1215 കിലോമീറ്റർ ദൂരത്തിൽ നിർമിക്കുന്ന മലയോര ഹൈവേ പദ്ധതിക്ക് 3500 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. നന്ദാരപ്പടവ്-ചേവാർ, ചെറുപുഴ-വള്ളിത്തോട്, പുനലൂർ കെഎസ്ആർടിസി-ചല്ലി മുക്ക് തുടങ്ങി വിവധ പ്രദേശങ്ങളിൽ 93.69 കിലോമീറ്റർ മലയോര ഹൈവേ ഇതിനോടകം യാഥാർഥ്യമായിക്കഴിഞ്ഞു. പാതയുടെ വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയാറായി. അതിൽ 652.64 കിലോമീറ്റർ പ്രവർത്തിക്ക് 2175.14 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
സംരക്ഷണഭിത്തികൾ, കാൽനടയാത്രക്ക് ഇന്റർലോക്ക് ടൈൽ പാതകൾ, കോൺക്രീറ്റ് ഓടകൾ, കലുങ്കുകൾ, യൂട്ടിലിറ്റി ക്രോസ് ഡെക്ടറുകൾ എന്നിവ ഉൾപ്പെടുന്നതാണ് മലയോര ഹൈവേ പദ്ധതി. വാഹന യാത്രക്കാർക്ക് വേ സൈഡ് അമിനിറ്റി സെന്റർ, പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് ബസ് ഷെൽട്ടർ എന്നിവയും പദ്ധതിയിലുൾപ്പെടുന്നു. എല്ലാ ആഴ്ചയും ഒരു ദിവസം പിഡബ്ല്യുഡി മിഷൻ ടീം യോഗം ചേർന്ന് മലയോര ഹൈവേ ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാന പദ്ധതികളുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നുമുണ്ട്. റോഡ് നിർമാണ രംഗത്തെ പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണു പ്രവൃത്തി പൂരോഗമിക്കുന്നത്.
തിരക്കുകളിൽനിന്നും മാറി പച്ചപ്പാർന്ന വഴികളിലൂടെയുള്ള സുഗമയാത്രയാണ് മലയോര ഹൈവ പദ്ധതിയിലൂടെ സാധ്യമാകുന്നത്. മലയോര നിവാസികളുടെ ഗതാഗത സൗകര്യം വർധിക്കുന്നതിനൊപ്പം മലയോരത്തിന്റെ സമ്പദ്ഘടനയ്ക്കും ഹൈവേ വികസനം വലിയ മാറ്റങ്ങളാണുണ്ടാക്കുക. കേരളത്തിന്റെ വിനോദസഞ്ചാര മേഖലിയിൽ വലിയ കുതിപ്പുണ്ടാകുന്ന പദ്ധതി കൂടിയാണിത്.

.