നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം എന്ന സന്ദേശമുയർത്തി ലോകാരോഗ്യ ദിനം (ഏപ്രിൽ 7 ) വിപുലമായ പരിപാടികളോടെ ജില്ലയിൽ ആചരിച്ചു. കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, മലിനീകരണം എന്നിവയും മനുഷ്യൻ്റെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊതു ജനങ്ങൾക്കുള്ള ബോധവത്ക്കരണം ദിനാചരണത്തിലൂടെ നടത്തി.
ജനങ്ങൾക്കിടയിലുള്ള അവബോധ പ്രവർത്തനങ്ങൾക്കായി ജില്ലാ വികസന കമ്മിഷ്ണർ എ.ഷിബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാതലത്തിൽ എൻവയോൺമെന്റൽ ഹെൽത്ത് സെൽ രൂപീകരിച്ചു. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തയാറാക്കിയ ബോധവത്കരണ സന്ദേശങ്ങൾ പ്രിന്റ് ചെയ്ത തുണികൊണ്ടുള്ള ഷോപ്പിംഗ് ബാഗുകൾ, ടീക്കപ്പുകൾ, നെയിംസ്ലിപ്പുകൾ എന്നിവയുടെ പ്രകാശനം കമീഷ്ണർ നിർവഹിച്ചു.
ജില്ലയിൽ പ്രാഥമികരോഗ്യകേന്ദ്രങ്ങളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വിവിധ വകുപ്പുകളുമായി ചേർന്നാണ് ലോകാരോഗ്യദിനം ആചരിച്ചത്. വിവിധ മത്സരങ്ങൾ, സന്ദേശറാലികൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ ജില്ലയിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ജില്ലാ ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യദൗത്യം, സ്റ്റേറ്റ് ഹെല്‍ത്ത് എജന്‍സി എന്നിവയുടെ ആഭിമുഖ്യത്തില്‍ കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷപ്രശ്‌നങ്ങളും കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ ശില്പശാലയും നടത്തി.
പല തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ മൂലം ആഗോള കാലാവസ്ഥയിൽ വലിയ വ്യതിയാനം സംഭവിച്ചിരിക്കുകയാണ്. ഇതു മൂലം പ്രളയം, വരൾച്ച, വായു, ജലം, മണ്ണ് എന്നിവയുടെ മലിനീകരണം, പലതരത്തിലുള്ള പകർച്ചവ്യധികൾ എന്നിവ വർദ്ധിച്ചുവരികയാണ്.ഇത് മനുഷ്യൻ്റെ ആരോഗ്യത്തിന് കടുത്ത വെല്ലുവിളിയാണ്. ഭൂമിയേയും, കാലാവസ്ഥയേയും പ്രകൃതിയേയും സംരക്ഷിച്ചു കൊണ്ടുള്ള വികസനത്തിലൂടെ മാത്രമേ മനുഷ്യന് നിലനിൽപ്പുള്ളൂ എന്ന സന്ദേശമാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനം നൽകുന്നത്.