വൈപ്പിൻ തീരദേശ ജനതയുടെ ആശ്രയകേന്ദ്രമായ മുനമ്പം ആശുപത്രി മികച്ച സേവന വിതരണ സംവിധാനങ്ങളോടെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ. കാലഘട്ടത്തിനനുസൃതമായി
ആരോഗ്യമേഖലയ്ക്ക് പ്രാധാന്യം നൽകി ജനപക്ഷ വികസനം സാധ്യമാക്കുന്ന പ്രവർത്തനശൈലിയാണ് സംസ്ഥാന സർക്കാരിന്റേത്.
മുനമ്പം കുടുംബാരോഗ്യകേന്ദ്രത്തിൽ ആശുപത്രി വികസനസമിതി യോഗവും ലോകാരോഗ്യദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ മാനദണ്ഡപ്രകാരം കൂടുതൽ ഡോക്ടർ തസ്തിക സൃഷ്ടിച്ച് വൈകുന്നേരങ്ങളിൽ സേവനം വ്യാപിപ്പിക്കുന്നതിനും പുതിയ കെട്ടിടം നിർമ്മിച്ച് കിടത്തിചികിത്സ ആരംഭിക്കുന്നതിനുമാണ് പ്രഥമ പരിഗണന നൽകുക. ഇതിനായി അപ്രോക്സിമേറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കാൻ എംഎൽഎ നിർദേശം നൽകി. പഴയ ബ്ലോക്ക്‌ പുനരുദ്ധരിച്ച് ഉപയോഗപ്രദമാക്കുക, ഹോർമോൺ അനലൈസർ ഉൾപ്പെടെയുള്ള ആശുപത്രി ഉപകരണങ്ങൾ ലഭ്യമാക്കുക തുടങ്ങി വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമെങ്കിൽ സിഎസ്ആർ ഫണ്ടിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തും.

നിയമപരമായി അനുവദനീയമായ തസ്തികകളുടെ നിജസ്ഥിതിക്കനുസരിച്ച് ക്ലാർക്ക്, ഓഫീസ് അസിസ്റ്റൻ്റ് എന്നിവരെ നിയമിക്കുന്നതിന് ഇടപെടൽ നടത്തും. പഴയ ആശുപത്രി ബ്ലോക്കി​ന്റെ നവീകരണവുമായി ബന്ധപ്പെട്ടുള്ള ജനപ്രതിനിധികളുടെയും ആശുപത്രി വികസനസമിതി അംഗങ്ങളുടെയും നിർദ്ദേശങ്ങൾ സർക്കാരി​ന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും കെ.എൻ ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായുള്ള പരിപാടികൾ ആശുപത്രി വളപ്പിൽ വൃക്ഷത്തൈ നട്ട് കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമൻ അധ്യക്ഷത വഹിച്ചു.