നാല് സെ്ന്റ് കിടപ്പാടത്തിന് എഴുപത്തിയാറാം വയസ്സില്‍ പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സരസു. വേദിയിലേക്ക് പേര് വിളിച്ചപ്പോള്‍ ശാരീരിക വിഷമതകളെയെല്ലാം തോല്‍പ്പിച്ച് ഈ വയോധിക കയറി വന്നു. വേദിയിലുണ്ടായിരുന്ന സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി ഒരു കൈതാങ്ങായി. പതിയെ മന്ത്രിയുടെ മുന്നിലെത്തിയപ്പോള്‍ സന്തോഷവും സങ്കടവുമെല്ലാം ഒരുമിച്ചെത്തി. മന്ത്രിയില്‍ നിന്നും പട്ടയം സ്വീകരിച്ചതോടെ കണ്ണുനീരും അണപൊട്ടി. ഈ അമ്മയെ ചേര്‍ത്തു പിടിച്ച് മന്ത്രി കെ.രാജനും സമാധാനിപ്പിച്ചതോടെ ഈ വേദിയും മറ്റൊരു ചരിത്രമായി.

മീനങ്ങാടി കമ്യൂണിറ്റി ഹാളില്‍ നടന്ന പട്ടയമേളയില്‍ പട്ടയം സ്വീകരിക്കാന്‍ എത്തിയതായിരുന്നു ത്യക്കൈപ്പറ്റ ചുരക്കുനി കരിവേലി സ്വദേശിനി സരസു. ഭര്‍ത്താവ് തങ്കപ്പന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളുള്ള ഇവര്‍ സര്‍ക്കാരിന്റെ വാര്‍ദ്ധക്യ പെന്‍ഷന്‍കൊണ്ടാണ് ജീവിക്കുന്നത്. ഇവര്‍ക്കെല്ലാം ഇനി സ്വന്തം ഭൂമിയില്‍ പുതിയ ജീവിതമാണ്.