നിര്‍ദ്ദിഷ്ട പുതുക്കാട് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണസ്ഥലം കെ കെ രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. പുതുക്കാട് പോലിസ് സ്റ്റേഷന്റെയും ഫയര്‍ സ്റ്റേഷന്റെയും സമീപത്താണ് നിര്‍ദ്ദിഷ്ട സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍-സര്‍ക്കാര്‍ അനുബന്ധ ഓഫീസുകളും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ 2022 -23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 10 കോടി രൂപയാണ് സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി മാറ്റിവെച്ചിരിക്കുന്നത്. നിലവില്‍ ബജറ്റ് വിഹിതത്തിന്റെ ഇരുപത് ശതമാനം തുകയുടെ ഭരണാനുമതി ലഭിച്ചു കഴിഞ്ഞു.
സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം കെ കെ രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അവലോകനയോഗം ചേര്‍ന്നു. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ മിനി സിവില്‍സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. മെയ് 15നുള്ളില്‍ സിവില്‍ സ്റ്റേഷന്റെ സ്ട്രക്ച്ചറും ഡിസൈനും തയ്യാറാക്കുന്നതിനും, ഓഗസ്റ്റ് 15നുള്ളില്‍ ടെക്‌നിക്കല്‍ അമുമതിയ്ക്കായി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും തീരുമാനിച്ചു.