ഇടുക്കിയിലെ മഞ്ചുമല എയര്‍സ്ട്രിപ്പില്‍ എന്‍.സി.സിയുടെ പരിശീലന വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ നടത്തി. കൊച്ചിയില്‍ നിന്നും പുറപ്പെട്ട വൈറസ് എസ്. ഡബ്ല്യൂ എന്ന വിമാനം 10.34ഓട് കൂടി എയര്‍സ്ട്രിപ്പ് നു മുകളില്‍ വട്ടമിട്ടു പറന്നു. 5 തവണ താഴ്ന്നു പറന്നിട്ടും ഇറക്കാന്‍ സാധിക്കാത്തതിനാലും സാഹചര്യം അനുകൂലമല്ലാത്തതിനാലും സുരക്ഷ കാരണങ്ങളാലും വിമാനം ഇറക്കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനത്താവളത്തിനു സമീപത്തെ മണ്‍തിട്ട നീക്കം ചെയ്താല്‍ മാത്രമേ വിമാനം സുരക്ഷിതമായി ഇറക്കാന്‍ സാധിക്കുകയുള്ളൂയെന്ന് എന്‍സിസി ഡയറക്ടര്‍ കേണല്‍ എസ് ഫ്രാന്‍സിസ് അറിയിച്ചു. രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന എന്‍സിസിയുടെ ഏറ്റവും പുതിയ മോഡല്‍ ചെറുവിമാനം ആണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ന്യുഡല്‍ഹിയില്‍ നിന്നും എയര്‍ഫോഴ്സിന്റെ ടെക്നിക്കല്‍ ട്രെയല്‍ ലാന്‍ഡിംഗ് കം എയര്‍ ഓഡിറ്റ് ടീമാണ് പരീക്ഷണ പറക്കലിന് നേതൃത്വം നല്‍കിയത്. 15 ദിവസത്തിനുശേഷം വീണ്ടും ട്രയല്‍ റണ്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് മുഖ്യമന്ത്രി പരിശീലന വിമാനത്തിന്റെ ലാന്‍ഡിംഗ് ഉദ്ഘാടനം ചെയ്യുമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ പറഞ്ഞു. തടസ്സങ്ങളെല്ലാം സമയബന്ധിതമായി തീര്‍പ്പാക്കുമെന്നും എംഎല്‍എ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് രാജ്യത്ത് ആദ്യമായാണ് എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കുന്നത്. ആദ്യഘട്ടത്തില്‍ 650 മീറ്റര്‍ റണ്‍വേയും 1200 സ്‌ക്വയര്‍ഫീറ്റ് ഉള്ള ഹാംഗറും എന്‍സിസി യുടെ 4 പരിശീലന വിമാനം പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും കമാന്‍ഡിങ് ഓഫീസറുടെ ആഫീസ് ടെക്നിക്കല്‍ റൂം പരിശീലനത്തിന് എത്തുന്ന കേഡറ്റുകള്‍ക്ക് ഉള്ള താമസസൗകര്യവും ആണ് നിര്‍മ്മിച്ചിട്ടുള്ളത്.

എന്‍.സി.സി യുടെ ആവശ്യ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ടമായി എയര്‍ സ്ട്രിപ്പിന്റെ നിര്‍മ്മാണത്തിനായി 12 ഏക്കര്‍ സ്ഥലം അനുവദിച്ചു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് പൊതുമരാമത്ത് വകുപ്പ് റണ്‍വെയുടെയും ഹാംഗറിന്റെയും നിര്‍മ്മാണ പ്രവൃത്തി രൂപകല്പന ചെയ്യുന്നതും പൂര്‍ത്തീകരിക്കുന്നതും. പരിസ്ഥിതിക്ക് ഏറെ അനുയോജ്യമായ രീതിയിലാണ് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണ രൂപകല്‍പ്പന ചെയ്തിട്ടുളളതും, പൂര്‍ത്തീകരിച്ചു വരുന്നതും.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 1000 എയര്‍വിംഗ് എന്‍.സി.സി കേഡറ്റുകള്‍ക്ക് ഓരോ വര്‍ഷവും സൗജന്യമായി ചെറുവിമാനം പറത്തുന്നതിനുള പരിശീലനം നല്‍കുന്ന വിധത്തിലാണ് എയര്‍ ട്രിപ്പിന്റെ നിര്‍മ്മാണം. ഇടുക്കി ജില്ലയില്‍ നിന്നു മാത്രമായി 200 എയര്‍വിംഗ് എന്‍.സി.സി കേഡറ്റുകള്‍ക്ക് ഇതിന്റെ ഭാഗമായി ഫ്ളൈയിംഗ് പരിശീലനം നല്‍കും.

പരിപാടിയില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എം നൗഷാദ്, എന്‍ സി സി ഉദ്യോഗസ്ഥര്‍, കേരള പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, മെഡിക്കല്‍ ടീം തുടങ്ങിയവര്‍ പങ്കെടുത്തു.