തിരുനെല്ലി: കുടുംബശ്രീ എന്‍.ആര്.എല്‍.എം തിരുനെല്ലി സ്പെഷ്യല്‍ പ്രൊജക്ടിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നാലേക്കര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കി. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് അരമംഗലത്ത് സായന്തനം കുടുംബശ്രീയുടെ നേതൃത്വത്തിലാണ് നാലേക്കര്‍ തരിശുഭൂമിയില്‍ ഞാറുനടീല്‍ നടന്നത്. പ്രാക്തന ഗോത്രവര്‍ഗ കുടുംബങ്ങളെ കുടുംബശ്രീ സംഘടന സംവിധാനത്തില്‍ കൊണ്ടുവരുന്നതിനും അവരില്‍ സമ്പാദ്യശീലം വളര്‍ത്തിയെടുക്കുന്നതിനും പട്ടികവര്‍ഗ വികസനത്തിനുമായി നടപ്പാക്കുന്ന പ്രത്യേക പദ്ധതിയാണ് തിരുനെല്ലി സ്പെഷ്യല്‍ പ്രൊജക്ട്. ബ്രിഡ്ജ് സ്കൂളുകള്‍, യൂത്ത് ക്ലബ്ബുകള്‍, സ്വയംതൊഴില്‍, സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സഹായങ്ങള്‍, സംഘകൃഷി പ്രോത്സാഹനം, കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങി വിവിധ മേഖലകളില്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നുണ്ട്. ഞാറ് നടീല്‍ ഉദ്ഘാടനം ഒ.ആര് കേളു എം.എല്‍.എ നിര്‍വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ ബാലകൃഷ്ണന്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ റുഖിയ സൈനുദ്ദീന്‍, വാര്‍ഡ് അംഗങ്ങളായ ബിന്ദു, ഹരീന്ദ്രന്‍, എ.കെ ജയഭാരതി, തിരുനെല്ലി സ്പെഷ്യല്‍ പ്രൊജക്റ്റ് കോ-ഓഡിനേറ്റര്‍ സായി കൃഷ്ണന്, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ വിഷ്ണുപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
