മാനന്തവാടി: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ ആദ്യ ഗ്രീന്‍പിഗ്സ് ആന്‍ഡ് എഗ്സ് മേള സെപ്റ്റംബറില്‍ വയനാട്ടില്‍ നടക്കും. സെപ്റ്റംബര്‍ മൂന്നിന് ഉച്ചയ്ക്കു രണ്ടിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു മേള ഉദ്ഘാടനം ചെയ്യും. മൂന്നു മുതല്‍ അഞ്ചു വരെ മാനന്തവാടിയില്‍ നടക്കുന്ന മേളയുടെ ലോഗോ പ്രകാശനം മാനന്തവാടി ഡബ്ല്യു.എസ്.എസ്.എസ് ഓഡിറ്റോറിയത്തില്‍ മാനന്തവാടി നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.ടി. ബിജു നിര്‍വഹിച്ചു
സുല്‍ത്താന്‍ ബത്തേരിയില്‍ 2017 മാര്‍ച്ചില്‍ സംഘടിപ്പിച്ച എഗ് ഫെസ്റ്റ് പുതുമ കൊണ്ടും പ്രായോഗികത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുട്ട ഉത്പാദനത്തിലും കോഴി വളര്‍ത്തല്‍ മേഖലയിലും അത്യപൂര്‍വമായ കുതിച്ചു ചാട്ടം സൃഷ്ടിക്കാനും എഗ് ഫെസ്റ്റിനു കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് മാംസോത്പാദനരംഗത്തും മാലിന്യ സംസ്‌കരണരംഗത്തും ശാസ്ത്രീയവും വിപ്ലവകരമായ മാറ്റം ഉണ്ടാക്കാന്‍ പര്യാപ്തമായ
ഗ്രീന്‍പിഗ്സ് ആന്‍ഡ് എഗ്സ് എന്ന പേരില്‍ മേള സംഘടിപ്പിക്കുന്നത്. സമൂഹം ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ ജൈവമാലിന്യ സംസ്‌കരണത്തില്‍ വയനാട്ടിലെ പന്നി കര്‍ഷകര്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. പ്രതിദിനം നാല്‍പ്പത് ടണ്‍ ജൈവമാലിന്യം തീറ്റയായി നല്‍കി പത്തു ടണ്‍ ഭക്ഷ്യയോഗ്യമായ മാംസമാക്കി മാറ്റിയെടുക്കുകയാണ് പന്നി കൃഷിയിലൂടെ. ശുദ്ധമായ പാലും മുട്ടയും മാംസവും ആരോഗ്യകരമായ ചുറ്റുപാടുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതിലെ പ്രശ്നങ്ങള്‍, പ്രതികൂല സാഹചര്യങ്ങള്‍, പരിഹാരങ്ങള്‍ തുടങ്ങിയ ചര്‍ച്ചകള്‍ക്കു കൂടിയയാണ് ഈ മേള തുറന്നവേദിയാകാന്‍ പോകുന്നത്.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള കന്നുകാലി വികസന ബോര്‍ഡ്, മീറ്റ് ഡക്സസ് ഓഫ് ഇന്ത്യ. കേരള വെറ്ററിനറി യൂണിവേഴ്സിറ്റി, ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി, വയനാട് പിഗ് ഫാര്‍മേഴ്സ് അസോസിയേഷന്‍, വിവിധ എഗ്ഗര്‍ നഴ്സറികള്‍, മറ്റു സ്വകാര്യ സംരംഭകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് സെപ്റ്റംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ മാനന്തവാടി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ആസ്ഥാനത്ത് ഗ്രീന്‍ പിഗ്സ് ആന്‍ഡ് എഗ്സ് മേള സംഘടിപ്പിക്കുന്നത്. ഉറവിട മാലിന്യ സംസ്‌കരണം, ശുദ്ധമായ മാംസ മുട്ട ഉത്പാദനം, മൃഗസംരക്ഷണ സംരംഭങ്ങളുടെ വിപുലീകരണവും നിയമങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകളും നടക്കും. പന്നി, കോഴി വളര്‍ത്തല്‍ മേഖലയിലെ ആധുനിക ഉപകരണങ്ങള്‍, വ്യത്യസ്ത ജനുസില്‍പ്പെട്ട പക്ഷി, പറവകള്‍, ഭക്ഷ്യ വസ്തുക്കളുടെ പ്രദര്‍ശനം വില്‍പ്പന തുടങ്ങിയവയും മേളയുടെ ഭാഗമായി നടക്കും.