ജില്ലയിലെ എല്ലാ വീടുകളിലും ഒരു വേപ്പും കറിവേപ്പും നടുന്ന ഗൃഹചൈതന്യം പദ്ധതിയ്ക്ക് കേരള പിറവി ദിനത്തില്‍ തുടക്കമാകും. സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 40 ഗ്രാമപഞ്ചായത്തുകളിലാണ് വിതരണത്തിനുള്ള തൈകള്‍ തയ്യാറാക്കുന്നത്. പഞ്ചായത്ത് നേഴ്‌സറികളില്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ തയ്യാറാക്കുന്ന തൈകള്‍ നട്ടുവളര്‍ത്തുന്നതിനായി എല്ലാ വീടുകളിലും എത്തിച്ച് നല്‍കും. ഗ്രാമ പഞ്ചായത്തുകളെ ഔഷധ സസ്യപഞ്ചായത്തുകളാക്കി മാറ്റുന്നതിന് ഗൃഹചൈതന്യം എന്നപേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും സെക്രട്ടറി കണ്‍വീനറായും കമ്മിറ്റി രൂപീകരിക്കും. കൃഷി ഓഫീസര്‍ ചീഫ് കോ-ഓര്‍ഡിനേറ്ററായിരിക്കും. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഔഷധ സസ്യബോര്‍ഡ് സംഘടിപ്പിച്ച ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പദ്ധതി സംബന്ധിച്ച് ബോര്‍ഡംഗം ഡോ. ഗംഗാ പ്രസാദ്, തൊഴിലുറപ്പ് പദ്ധതിയില്‍ നേഴ്‌സറി സംവിധാനം ഒരുക്കുന്നതു സംബന്ധിച്ച് എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജെ.ബെന്നി എന്നിവര്‍ വിശദീകരിച്ചു. എ.ഡ.ിസി (ജനറല്‍) പി. എസ്. ഷിനോ, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ സഫിയ ബീവി എന്നിവര്‍ സംസാരിച്ചു.
