കോവിഡ് മഹാമാരിക്കു ശേഷം പ്രവാസി മലയാളി സമൂഹം നാട്ടിൽ സംരംഭമേഖലയിൽ കുടുതൽ സജീവമാവുന്നതായി നോർക്ക റൂട്ട്സിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ആവിഷ്‌കരിച്ച സംരംഭക സഹായ പദ്ധതികളിൽ നൂറു ശതമാനം ധനവിനിയോഗമാണ് ഉണ്ടായത്.വ്യത്യസ്ത തലങ്ങളിലെ സ്വയംസംരംഭകരെ സഹായിക്കുന്നതിന് 2021-22 വർഷത്തിൽ നടപ്പാക്കിയ പ്രവാസി ഭദ്രത പദ്ധതികൾ പ്രവാസികൾ പൂർണമായി ഏറ്റെടുത്തതായി കണക്കുകൾ വ്യക്തമാക്കുന്നു. പ്രവാസി ഭദ്രത-പേൾ,  പ്രവാസി ഭദ്രത-മൈക്രോ, പ്രവാസി ഭദ്രത-മെഗാ   പദ്ധതികളിലൂടെ 5010 സംരംഭവായ്പകളാണ് കഴിഞ്ഞ സാമ്പത്തിക വർഷം വിതരണം ചെയ്തത്. നിലവിലുണ്ടായിരുന്ന എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയിൽ 1000 സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്.

പ്രവാസി ഭദ്രത പേൾ പദ്ധതി കുടുംബശ്രീ മുഖേനെയാണ് നടപ്പാക്കുന്നത്. സൂക്ഷ്മ സംരംഭങ്ങൾക്കായി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുന്ന  പദ്ധതിയിൽ 3081 വായ്പകൾ അനുവദിച്ചു. 44 കോടി രൂപ പലിശരഹിത വായ്പ വിതരണം ചെയ്തു.
അഞ്ചു ലക്ഷം വരെയുള്ള സ്വയംതൊഴിൽ വായ്പകൾ അനുവദിക്കുന്ന പ്രവാസി ഭദ്രത -മൈക്രോ പദ്ധതി വഴി 1927 വായ്പകൾ അനുവദിച്ചു. കെ.എസ്.എഫ്.ഇ വഴി 1921 വായ്പകളും കേരളാ ബാങ്ക് വഴി ആറ് വായ്പകളുമാണ് നൽകിയത്. 90.41 കോടി രൂപ വായ്പ ഇനത്തിൽ നൽകി. ഇതിനുള്ള മൂലധന സബ്സിഡിയും പലിശസബ്സിഡിയും നോർക്ക നൽകുന്നു. പദ്ധതി തുകയുടെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ ഈ പദ്ധതിയിൽ സബ്സിഡിയായി ലഭിക്കും. ആദ്യ നാലു വർഷം കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് മൂന്നുശതമാനം പലിശ സബ്സിഡിയും ലഭിക്കും. വിവിധ സഹകരണ സ്ഥാപനങ്ങൾ, പ്രവാസി കോഓപ്പറേറ്റീവ് സൊസൈറ്റികൾ, മറ്റ് നാഷണലൈസ്ഡ് ബാങ്കുകൾ തുടങ്ങിയധനകാര്യസ്ഥാപനങ്ങൾ വഴി നടപ്പു സാമ്പത്തിക വർഷം  വായ്പാവിതരണം വിപുലമാക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രവാസി ഭദ്രത പേൾ വായ്പയ്ക്ക് കുടുംബശ്രീ സി.ഡി.എസ്സുകൾ  വഴിയും മൈക്രോ വായ്പയ്ക്ക് കെ.എസ്.എഫ്.ഇ/കേരളാ ബാങ്ക് ശാഖ വഴിയും അപേക്ഷിക്കാം.
നോർക്ക റൂട്ട്സിന്റെ നിലവിലെ പ്രധാന സംരംഭക സഹായ പദ്ധതിയായ എൻ.ഡി.പി.ആർഇ.എമ്മിലും (നോർക്ക ഡിപ്പാർട്ടുമെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ്) കഴിഞ്ഞ വർഷം വലിയ മുന്നേറ്റമുണ്ടായി. 1000 സംരംഭക വായ്പകളാണ് ഈ പദ്ധതിയിലൂടെ 2021-22 വർഷം വിതരണം ചെയ്തത്. 81.65 കോടി രൂപ എൻ.ഡി.പി.ആർ.ഇ.എം വായ്പകൾക്കും 19 കോടി രൂപ സബ്സിഡികൾക്കുമായി ചെലവഴിച്ചു. മുൻവർഷം 782 സംരംഭങ്ങൾക്കാണ് ഈ പദ്ധതി വഴി വായ്പ അനുവദിച്ചിരുന്നത്. www.norkaroots.org വഴി വായ്പയ്ക്ക് അപേക്ഷിക്കാം.

നേരത്തേ ആകെ 16 ധനകാര്യസ്ഥാപനങ്ങൾ വഴിയാണ് എൻ.ഡി.പി.ആർ.ഇ.എം വായ്പകൾ നൽകിയിരുന്നതെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷം ധനലക്ഷ്മി ബാങ്കു കൂടി നോർക്കയുമായി ധാരണാപത്രം ഒപ്പുവച്ചു.രണ്ടു കോടി രൂപ വരെയുള്ള വായ്പകൾ അനുവദിക്കുന്ന പ്രവാസി ഭദ്രത-മെഗാ വഴി രണ്ടു വായ്പകളാണ് ഇക്കാലയളവിൽ അനുവദിച്ചത്. 1.98 കോടി രൂപ ലഭ്യമാക്കി. കെ.എസ്.ഐ.ഡി.സി വഴിയാണ് മെഗാ വായ്പ അനുവദിക്കുന്നത്. 8.25 മുതൽ 8.75 വരെയാണ് കെ.എസ്.ഐ.ഡി.സിയുടെ സാധാരണ വായ്പകളുടെ പലിശ നിരക്ക്. ഇതിൽ 3.25 ശതമാനം മുതൽ 3.75 ശതമാനം വരെ നോർക്ക റൂട്ട്‌സ് സബ്‌സിഡി അനുവദിച്ചാണ് പ്രവാസി ഭദ്രത -മെഗാ വായ്പ അനുവദിക്കുന്നത്. സംരംഭകർക്ക് ഫലത്തിൽ അഞ്ചു ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാവുമെന്നതാണ് സവിശേഷത. കെ.എസ്.ഐ.ഡി.സി ഓഫീസുകൾ വഴിയാണ് പ്രവാസി ഭദ്രത മെഗാ പദ്ധതിക്ക് അപേക്ഷിക്കേണ്ടത്.ഇക്കൊല്ലം വനിതാ വികസന കോർപ്പറേഷനും എൻ.ഡി.പി.ഇ.ആർ.എം പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുകയാണ്. വനിതകൾക്കായി നോർക്ക വനിതാമിത്രം സംരംഭകവായ്പയാണ് നോർക്കയും വനിതാ വികസന കോർപ്പറേഷനും ചേർന്ന് ആവിഷ്‌കരിച്ചിരിക്കുന്നത്. മൂന്നു ശതമാനം പലിശ നിരക്കിൽ 15 ശതമാനം മൂലധന സബ്സിഡിയോടെയുള്ള വായ്പ വിദേശത്തു നിന്നും തിരിച്ചെത്തിയ വനിതകൾക്കുള്ള മികച്ച സംരംഭക പദ്ധതിയാണ്. രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്ത ശേഷം സ്ഥിരതാമസത്തിനായി നാട്ടിൽ തിരിച്ചെത്തിയ വനിതകൾക്കാണ്  വായ്പ ലഭിക്കുക.വായ്പയെ കുറിച്ചുള്ള വിശദാംശങ്ങൾക്ക് വനിതാ വികസന കോർപ്പറേഷന്റെ 0471 2454585, 2454570, 9496015016 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ നോർക്ക റൂട്ട്‌സിന്റെ  തിരുവനന്തപുരം ഹെഡ്ഓഫീസിലെ 0471 2770511 എന്ന ഫോൺ നമ്പരിലോ 18004253939 എന്ന ടോൾ ഫ്രീ നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.  0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സേവനവും ലഭ്യമാണ്.