സംസ്ഥാന ഭൂജല വകുപ്പും കേന്ദ്ര ഭൂജല ബോർഡും സംയുക്തമായി പഠനങ്ങൾ നടത്തി പ്രസിദ്ധീകരിക്കുന്ന ഭൂജല വിഭവ നിർണയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂജല ഉപയോഗ തോത് 90 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങൾ വിജ്ഞാപനം ചെയ്യപ്പെട്ട പ്രദേശങ്ങളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ എലപ്പുള്ളി, പൊൽപ്പള്ളി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, വടകരപ്പതി, ചിറ്റൂർ – തത്തമംഗലം മുനിസിപ്പാലിറ്റി എന്നിവിടങ്ങൾ അമിത ചൂഷിത വിഭാഗത്തിലും മലമ്പുഴ ബ്ലോക്കിൽ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ്, പുതുശേരി, കൊടുമ്പ് എന്നിവിടങ്ങൾ ഗുരുതര വിഭാഗത്തിലും കാസർകോഡ് ജില്ലയിൽ കാസർകോഡ് ബ്ലോക്കിലെ ബദിയഡുക്ക, ചെമ്മനാട്, ചെങ്കള, കുമ്പള, മധുർ, മൊഗ്രാൽ-പുത്തൂർ, കാസർകോഡ് മുനിസിപ്പാലിറ്റി എന്നിവിടങ്ങൾ ഗുരുതര വിഭാഗത്തിലും ഉൾപ്പെടുത്തിയാണു വിജ്ഞാപനം ചെയ്തത്.
വിജ്ഞാപനംചെയ്ത പ്രദേശങ്ങളിൽ കിണർ നിർമാണം അടക്കമുള്ള ഭൂജല വികസനത്തിന് സംസ്ഥാന ഭൂജല അതോറിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക് ബൂജല വകുപ്പിന്റെ കാസർകോഡ്, പാലക്കാട് ജില്ലാ ഓഫിസുകളുമായി ബന്ധപ്പെടണം.