പെരിയാറിലെയും മുവാറ്റുപുഴയാറിലെയും കൈവഴികളുടെ നീരൊഴുക്ക് സുഗമമാക്കുന്നതിനായി നടപ്പാക്കുന്ന ഓപ്പറേഷൻ വാഹിനി പദ്ധതി വാഴക്കുളം ബ്ലോക്കിൽ പുരോഗമിക്കുന്നു. കീഴ്മാട് , വാഴക്കുളം ഗ്രാമ പഞ്ചായത്തുകളിൽ തോടുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

തൊഴിലുറപ്പ് തൊഴിലാളികളുടെയും ഇറിഗേഷൻ വകുപ്പിന്റെയും സഹകരണത്തോടെ യന്ത്രങ്ങൾ ഉപയോഗിച്ചാണ് ബ്ലോക്കിലെ പ്രവൃത്തികൾ നടപ്പിലാക്കുന്നത്. കീഴ്മാട് ഗ്രാമ പഞ്ചായത്തിലെ ചാലക്കൽ തോടിൽ 820 മീറ്റർ ക്യൂബ് ചെളി നീക്കം ചെയ്തു . വാഴക്കുളം പഞ്ചായത്തിലെ കുന്നുവഴി തോടിലെ 600 മീറ്റർ ക്യൂബ് ചെളിയും ഇതുവരെ നീക്കം ചെയ്തു. വല്ലം തോടിലെ ശുചീകരണവും നടക്കുന്നുണ്ട്.
കീഴ്മാട് പഞ്ചായത്തിലെ തുമ്പിച്ചാലിലും ശുചീകരണം ആരംഭിച്ചു. ശനിയാഴ്ച മുതൽ എല്ലാ ദിവസവും ശുചീകരണ പ്രവർത്തികൾ തുടർച്ചയായി നടത്തി കാലവർഷത്തിന് മുന്നോടിയായി പൂർത്തിയാക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.