യുവജനങ്ങളുടെ ചിന്തയും കര്‍മ്മശേഷിയും സമൂഹത്തിന് ഗുണകരമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുവാക്കളുടെ സമഗ്രമായ വികസനത്തിന് കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മുന്നോട്ട് വെച്ച ആശയമാണ് കേരള യൂത്ത് ഫോഴ്‌സ്. പ്രകൃതിദുരന്തങ്ങള്‍, മഹാമാരികള്‍ തുടങ്ങിയവ ഉണ്ടാകുമ്പോള്‍ അവയെ നേരിടാന്‍ യുവതയെ തയ്യാറാക്കിയ ഫോഴ്‌സാണ് കേരള ഫോഴ്‌സ്. 2018ലെ പ്രളയത്തോടെയാണ് ഫോഴ്‌സിന് രൂപം നല്‍കിയത്. പ്രളയത്തില്‍ കൈത്താങ്ങായി മാറിയ യുവാക്കളെ ചേര്‍ത്ത് പിടിച്ച് കേരളത്തിന് സ്വന്തമായൊരു സന്നദ്ധ സേവന സേന എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സേനയില്‍ 1,15,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സേനയില്‍ നിന്നും സന്നദ്ധരായവരെ തെരഞ്ഞെടുത്ത് ബോര്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ഫയര്‍ & സേഫ്റ്റി, ഫസ്റ്റ് എയ്ഡ്, കായിക പരിശീലനം, കൗണ്‍സിലിംഗ് തുടങ്ങിയ മേഖലകളില്‍ വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്. 14 ജില്ലകളിലായി 2750 സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുകയും അവരുടെ പാസ്സിങ് ഔട്ട് പരേഡ് നടത്തുകയും ചെയ്തു. വനിതകള്‍ക്ക് ദുരന്ത രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കി 300 പേരടങ്ങുന്ന ടീമിന് രൂപം നല്‍കിയിട്ടുണ്ട്. കേരളം പല തവണ നേരിടേണ്ടി വന്ന പ്രളയ, ഉരുള്‍പ്പൊട്ടല്‍ സമയത്ത് ദുരിതമനുഭവിക്കേണ്ടിവന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ ഫോഴ്‌സ് മുന്നില്‍ തന്നെ ഉണ്ടായിരുന്നു. കോവിഡ്കാല പ്രവര്‍ത്തനങ്ങളും വിലമതിക്കാനാവാത്തതാണ്. പൊതുഇടങ്ങളും വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസകളും അണുവിമുക്തമാക്കുക, സിഎഫ്എല്‍റ്റിസി കേന്ദ്രേങ്ങളിലെ സേവനങ്ങള്‍, കമ്മ്യൂണിറ്റി കിച്ചന്‍, രക്തദാനം, വിവരശേഖരണം, മരുന്നുകള്‍ വീടുകളിലെത്തിക്കല്‍ തുടങ്ങീ എല്ലാ ജില്ലകളിലും കേരള ആക്ഷന്‍ ഫോഴ്‌സ് പ്രതിനിധികള്‍ രാപകലില്ലാതെ കൂടെയുണ്ടായിരുന്നു. ഇതിനിടെ 2500 ഓളം ഫോഴ്‌സ് അംഗങ്ങള്‍ രക്തദാനം നടത്തി. ആരോഗ്യവകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ചവരും ഫോഴ്‌സിലുണ്ട്.

കേരള യൂത്ത് ഫോഴ്‌സിന്റെ പ്രവര്‍ത്തനം താഴെതട്ടിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ തലങ്ങളില്‍ 1034 ക്യാപ്റ്റന്‍മാരെ തെരഞ്ഞെടുത്ത് അവര്‍ക്ക് പരിശീലനം നല്‍കി. പഞ്ചായത്ത്തല സേനയ്ക്ക് രൂപം നല്‍കുന്ന പ്രവര്‍ത്തനം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി 14 ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത 1400 പേര്‍ക്കും പരിശീലനം നല്‍കി. മെയ് മാസത്തോടെ പഞ്ചായത്ത്, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ തലത്തില്‍ സേനാ രൂപീകരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകും.

യുവജനതയുടെ സന്നദ്ധ സേവന സേന താഴെത്തട്ടുവരെ എത്തിക്കുക, സന്നദ്ധ സേവന രംഗത്ത് യുവജനങ്ങള്‍ക്ക് താല്‍പര്യമുണ്ടാക്കുക, അവരെ സാമൂഹ്യ പ്രതിബദ്ധതയുളളവരാക്കുക, ദുരന്തങ്ങള്‍, മഹാമാരികള്‍ തുടങ്ങിയവ ഉണ്ടാകുമ്പോള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ സഹായിക്കുക എന്നീ ലക്ഷ്യത്തോടെയാണ് കേരള യൂത്ത് ഫോഴ്‌സ് പ്രവര്‍ത്തിക്കുന്നത്. സേനയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേരളത്തിന് മുതല്‍ക്കൂട്ടാണ്. നേട്ടങ്ങളൊന്നും പ്രതീക്ഷിക്കാതെ സഹജീവികളുടെ ക്ഷേമത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന യുവതയുടെ മുന്നോട്ടുളള വരവ് സമൂഹത്തില്‍ വലിയ പ്രതീക്ഷകളാണ് ഉണ്ടാക്കുന്നത്.