കോവിഡ് കാലത്ത് കോവിഡിതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍
ആശുപത്രിയിലേക്കെത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ അതിനൊരു പരിഹാരം എന്ന നിലയില്‍ രായമംഗലം ഗ്രാമപഞ്ചായത്ത് ആരംഭിച്ച സംവിധാനമാണ് സഞ്ചരിക്കുന്ന ആശുപത്രി. വാതില്‍പ്പടി സേവനരംഗത്തേക്ക് ആരോഗ്യമേഖലയെയും എത്തിക്കുക എന്ന ആശയത്തിലാണ് പദ്ധതി നടത്തിവരുന്നത്. പഞ്ചായത്തില്‍ പൊതുവെ ബസ് സര്‍വീസ് കുറവാണ്. അതിനാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നേരിട്ടെത്തി ചികിത്സ തേടുക എന്നത് പാവപ്പെട്ടവരെയും പ്രായമായവരെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതു മനസിലാക്കി പഞ്ചായത്തിലെ 20 വാര്‍ഡുകളിലായി 31 കേന്ദ്രങ്ങളിലാണ് സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനം ലഭ്യമാക്കുന്നത്. വയോജനങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തു കൊണ്ടുള്ള പദ്ധതിയാണെങ്കിലും പ്രായഭേദമന്യേ ഏവര്‍ക്കും സഞ്ചരിക്കുന്ന ആശുപത്രിയുടെ സേവനം പ്രയോജനപ്പെടുത്താം.

സഞ്ചരിക്കുന്ന ആശുപത്രി രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഓരോ കേന്ദ്രത്തിലും എത്തും. ഒരു കേന്ദ്രത്തില്‍ ഒരു മണിക്കൂര്‍ വരെ സേവനം ഉണ്ടാകും. ഒരു ഡോക്ടറും നഴ്സും ഡ്രൈവറും അടങ്ങുന്നതാണ് ടീം. അത്യാവശ്യം വേണ്ട എല്ലാ മരുന്നുകളും ഉണ്ടാകും. ജീവിതശൈലീ രോഗങ്ങള്‍ക്ക് തുടര്‍ച്ചയായി കഴിക്കുന്ന മരുന്നുകള്‍ വാങ്ങാന്‍ അത്തരം രോഗികള്‍ക്ക് രണ്ടാഴ്ചയില്‍ ഒരിക്കല്‍ സഞ്ചരിക്കുന്ന ആശുപത്രിയില്‍ എത്തിയാല്‍ മതി.

പ്രധാനമായും അങ്കണവാടികളാണ് സഞ്ചരിക്കുന്ന ആശുപത്രിയുടെ
കേന്ദ്രങ്ങള്‍. അതാതു പ്രദേശത്തെ വാര്‍ഡ് മെമ്പര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ടീച്ചര്‍മാര്‍ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഓരോ കേന്ദ്രത്തിലും 15 മുതല്‍ 30 പേര്‍ക്ക് വരെ സേവനം പ്രയോജനപ്പെടുത്താം. നിലവില്‍ പഞ്ചായത്തിന്റെ ആംബുലന്‍സാണ് സഞ്ചരിക്കുന്ന ആശുപത്രിയായി ഉപയോഗിക്കുന്നത്. വൈകാതെ ഈ പദ്ധതിക്കായി മാത്രം ഒരു വാഹനം ലഭ്യമാക്കും. വാഹനം വാങ്ങിക്കുന്നതിനായി സി.എസ്.ആര്‍ ഫണ്ട് വഴി അഞ്ച് ലക്ഷം രൂപ കിട്ടിയിട്ടുണ്ട്. എറണാകുളത്തുള്ള പ്രണവം ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വാഹനത്തിനായി തുക സംഭാവന ചെയ്തിട്ടുള്ളത്.

പദ്ധതി ആരംഭിച്ചു മൂന്നു മാസത്തിനുള്ളിൽ ഏകദേശം മൂന്നു ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവായത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 15 ലക്ഷം രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. ജനങ്ങളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി അജയകുമാര്‍ പറയുന്നു.