കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാന്‍ഡ് റവന്യൂ, റവന്യൂ റിക്കവറി പിരിവില്‍ എറണാകുളം ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച റവന്യൂ ജീവനക്കാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി സര്‍ട്ടിഫിക്കറ്റും ഫലകവും കൈമാറി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നികുതി പിരിച്ച ജില്ലയിലെ റവന്യു ജീവനക്കാരെ കളക്ടര്‍ അഭിനന്ദിച്ചു. 35 ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി അവാര്‍ഡ് കളക്ടര്‍ കൈമാറി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം നടത്തിയ താലൂക്കുകളെയും ഉദ്യോഗസ്ഥരെയും ചടങ്ങില്‍ അനുമോദിച്ചു. 45.78 കോടി രൂപ പിരിച്ച് ജില്ലയില്‍ ഒന്നാമതെത്തിയ കണയന്നൂര്‍ താലൂക്കിനു വേണ്ടി തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ്, 17 കോടി രൂപ വരുമാനം നേടിയ കുന്നത്തുനാട് താലൂക്കിനു വേണ്ടി തഹസില്‍ദാര്‍ വിനോദ് രാജ് എന്നിവര്‍ കളക്ടറില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.