ഓരോ കേരളീയനിലും കൃഷി സംസ്‌കാരം ഉണര്‍ത്തുന്നതിനും സുശക്തമായ കാര്‍ഷിക മേഖല സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ട് കൃഷിവകുപ്പ് നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2022 ഏപ്രില്‍ 21ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിക്കും. കൃഷിമന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും.
രാവിലെ പത്തിന് ചേര്‍ത്തല ടൗണ്‍ എന്‍.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പദ്ധതിയുടെ ഭാഗമായുള്ള തൈ വിതരണത്തിന്റെ ഉദ്ഘാടനം ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും.
പതിനായിരം കൃഷിക്കൂട്ടങ്ങള്‍, പതിനായിരം ഹെക്ടറില്‍ ജൈവകൃഷി, മൂല്യവര്‍ധന കൃഷി, മൂല്യവര്‍ധന സംരംഭങ്ങള്‍, 140 ഹരിത പോഷക കാര്‍ബന്‍ തുലിത ഗ്രാമങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നതായി കൃഷി വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്ലാ കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവരാനും നിലവില്‍ കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് പിന്തുണ ഉറപ്പാക്കാനും പാരിസ്ഥിതിക മേഖല അടിസ്ഥാനമാക്കിയുള്ള കൃഷിരീതിയും ബജറ്റിംഗും പ്രാവര്‍ത്തികമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിക്കും.
കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന കാര്‍ഷിക വിളകള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക. തരിശുഭൂമിയിലെയും വീട്ടുവളപ്പുകളിലെയും കൃഷിക്ക് പ്രോത്സാഹനം നല്‍കും. കാര്‍ഷിക മേഖലയില്‍ യുജവന, പ്രവാസി കൂട്ടായ്മകള്‍ രൂപീകരിക്കും. മൂല്യവര്‍ധന, വിപണി അധിഷ്ഠിത സംരംഭങ്ങളിലേക്ക് ഈ കൂട്ടായ്മകളെ പ്രയോജനപ്പെടുത്തും. പ്രാദേശിക വിപണി ശാക്തീകരിക്കുന്നതിനൊപ്പം യന്ത്രവത്കരണത്തിന്റെ പ്രയോജനം എല്ലാ കര്‍ഷകര്‍ക്കും ലഭ്യമാക്കുകയും ചെയ്യും.
പദ്ധതിയുടെ ഏകോപനത്തിനായി വാര്‍ഡ് തലം മുതല്‍ സംസ്ഥാനതലം വരെ പ്രത്യേക സംവിധാനമുണ്ടാകുമെന്നും കൃഷിവകുപ്പ് ഡയറക്ടര്‍ പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങില്‍ എം.പി.മാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ് പദ്ധതി വിശദീകരിക്കും.