ഭക്ഷ്യോത്പന്നങ്ങളുടെ ഗുണനിലവാരം അളക്കണോ? എങ്കില്‍ തേക്കിന്‍കാട്ടിലേക്ക് വരൂ.. സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ ലബോറട്ടറിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്തുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തേക്കിന്‍കാട് വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷാ ലബോറട്ടറി. ഭക്ഷ്യ വസ്തുക്കളുടെ പ്രാഥമിക ഗുണനിലവാര പരിശോധന മുതല്‍ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിനായി ക്ലാസ്സുകളും ഇവിടെ ലഭ്യമാണ്. മേള നടക്കുന്ന പവലിയന് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന ലാബില്‍ എത്തിയാല്‍ ഭക്ഷ്യ സുരക്ഷ നിര്‍ണയിക്കുന്നതിനുള്ള ഉപകരണങ്ങളും പരിചയപ്പെടാം.

വെളിച്ചണ്ണയുടെ ഗുണനിലവാരം കണ്ടുപിടിക്കുന്നതിനുളള റിഫ്രാക്ടോമീറ്റര്‍, ഭക്ഷണത്തിലെ പൂപ്പല്‍ബാധ മൂലമുണ്ടാകുന്ന അഫ്‌ളോടോക്‌സിന്‍ എന്ന വിഷാംശം കണ്ടുപിടിക്കുന്നതിനുളള റാപ്ടര്‍ എന്ന ഉപകരണം, വെളളത്തിലെ പി എച്ച് കണ്ടുപിടിക്കുന്നതിനുളള പി എച്ച് മീറ്റര്‍, പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുളള മില്‍ക്ക് അനലൈസര്‍, എണ്ണകളുടെ കാലപ്പഴക്കം കണ്ടുപിടിക്കുന്നതിനുളള ഫ്രൈഓയില്‍ മോണിറ്റര്‍ എന്നീ ഉപകരണങ്ങളുമായാണ് ലാബ് രംഗത്തെത്തിയിരിക്കുന്നത്. മൈക്രോബയോളജി ചെയ്യുന്നതിനുളള ബയോസേഫ്റ്റി കാബിനറ്റ്, ഫ്യൂം ഹുഡ് എന്നിവയും ലാബിലുണ്ട്.

ഭക്ഷ്യവസ്തുക്കളുമായി ലാബിലെത്തുന്നവര്‍ക്ക് സൗജന്യമായി ഗുണനിലവാരം പരിശോധിക്കാം. ഗുണനിലവാരം പരിശോധിച്ച ശേഷം റിസള്‍ട്ട് ബന്ധപ്പെട്ടവരിലേക്ക് എത്തിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും.