കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 100 ശതമാനം പദ്ധതി വിഹിതം വിനിയോഗിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുമോദിച്ചു. കളക്ടറേറ്റ് ആസൂത്രണ സമിതി ഹാളിൽ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ കളക്ടർ ജാഫർ മാലിക് നേട്ടം കൈവരിച്ച പഞ്ചായത്തുകൾക്ക് ട്രോഫികൾ കൈമാറി.
22 പഞ്ചായത്തുകളും ഒമ്പത് ബ്ലോക്ക് പഞ്ചായത്തുകളും നാല് നഗരസഭകളും അവാർഡ് ഏറ്റുവാങ്ങി. സ്വരാജ് ട്രോഫി പുരസ്കാരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ മുളന്തുരുത്തി പഞ്ചായത്ത്, ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ കുന്നുകര പഞ്ചായത്ത്, രണ്ടാം സ്ഥാനം നേടിയ പാലക്കുഴ പഞ്ചായത്ത് എന്നിവയേയും യോഗത്തിൽ ആദരിച്ചു. സ്വരാജ് ട്രോഫി പുരസ്കാരം നേടിയവർക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ ജില്ലാ അസോസിയേഷനും ആദരം നൽകി.
എറണാകുളം ജില്ലാ ആസൂത്രണ സമിതി യോഗം 2022-23 സാമ്പത്തിക വർഷത്തിലെ ആദ്യഘട്ട പദ്ധതികളെക്കുറിച്ചുള്ള ചർച്ച, ജല ജീവൻ പദ്ധതിക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകേണ്ട വിഹിതം എന്നിവയും യോഗത്തിൽ ചർച്ച ചെയ്തു.
യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ അനിതാ ഏലിയാസ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, പഞ്ചായത്ത് പ്രസിഡൻ്റുമാർ, സെക്രട്ടറിമാർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, ജില്ലാ പ്ലാനിംഗ് ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.