ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അടിമാലി ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ പി ജി രാജന്റെ നേതൃത്വത്തില്‍ സിറ്റിംഗ് നടത്തി. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ഓംബുഡ്സ്മാന് നേരിട്ട് നല്‍കാന്‍ സിറ്റിംഗിലൂടെ അവസരമൊരുക്കിയിരുന്നു. അഴുതയും ദേവികുളവും ഒഴികെയുള്ള ബ്ലോക്കുകളില്‍ ഇതിനോടകം സീറ്റിംഗ് കഴിഞ്ഞതായും ദേവികുളം ബ്ലോക്കില്‍ അടുത്ത സിറ്റിംഗ് നടത്തുമെന്നും ഓംബുഡ്സ്മാന്‍ പി ജി രാജന്‍ ബാബു പറഞ്ഞു. പതിനൊന്ന് പേരാണ് അടിമാലിയില്‍ നടത്തിയ സിറ്റിംഗില്‍ പരാതിയുമായി എത്തിയത്. ഇതില്‍ ഏഴ് പേര്‍ പരാതി എഴുതി നല്‍കി. ഇന്നലെ രാവിലെ പതിനൊന്ന് മുതലായിരുന്നു സിറ്റിംഗ്. തൊഴില്‍ ലഭ്യത, വേതന ലഭ്യത, ബാങ്ക് അക്കൗണ്ട് സംബന്ധിച്ച പരാതി തുടങ്ങി വിവിധ തരത്തിലുള്ള പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ അറിയിച്ചു.
![](https://prdlive.kerala.gov.in/wp-content/uploads/2022/04/WhatsApp-Image-2022-04-20-at-6.47.21-PM-65x65.jpeg)