ഒരാൾക്ക് 25 ലക്ഷം രൂപ വീതം
188 വിദ്യാർത്ഥികൾക്കായി നൽകിയത് 29 കോടി രൂപ
കേരളത്തിൽ നിന്നും വിദേശരാജ്യങ്ങളിൽ പോയി ഉപരിപഠനം നടത്താനാഗ്രഹിക്കുന്നവർ നിരവധിയാണ്. സമൂഹത്തിന്റെ പിന്നാക്കാവസ്ഥയിൽ ജീവിക്കുന്നവർക്കും ഇത്തരത്തിൽ വിദേശപഠനത്തിന് ആഗ്രഹമുണ്ടായിരിക്കും. ആ ആഗ്രഹങ്ങൾക്ക് ചിറകുമുളപ്പിക്കുകയാണ് സംസ്ഥാന പട്ടികജാതി പട്ടികവർഗ വകുപ്പ്. പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലയിൽ ഉപരിപഠനം നടത്തുന്നതിന് ഒരാൾക്ക് പരമാവധി 25 ലക്ഷം രൂപയാണ് പഠനസഹായമായി നൽകുന്നത്.
2017ൽ ആരംഭിച്ച പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള വിദേശ പഠനധനസഹായം ഇതുവരെ 19 പേരാണ് ഉപയോഗപ്പെടുത്തിയത്. 25 ലക്ഷം രൂപ വീതം 19 പേർക്കായി 4,75,00,000 രൂപ പട്ടികവർഗ വകുപ്പ് നൽകി കഴിഞ്ഞു. സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ ബിരുദത്തിന് 50 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ 35 വയസിന് താഴെയുള്ളവർക്കാണ് വിദേശ പഠന ധനസഹായത്തിന് അപേക്ഷിക്കാൻ കഴിയുക. വിമാനയാത്രാക്കൂലി, മെഡിക്കൽ ഇൻഷൂറൻസ്, ട്യൂഷൻ ഫീ, ഹോസ്റ്റൽ ഫീ, തിരികെ ലഭിക്കാത്ത മറ്റ് ഫീസുകൾ, താമസം, വിസ ചാർജ് എന്നിവയ്ക്കാണ് പദ്ധതിയിൽനിന്നും വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നത്.
പോസ്്റ്റ് ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, എംഫിൽ, എംഫിൽ തത്തുല്യം, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാംസ് തുടങ്ങിയ കോഴ്സുകൾക്കാണ് പഠന സഹായം അനുവദിക്കുന്നത്. സ്‌കോട്ലാന്റ്, ന്യൂസിലാന്റ്, യുകെ തുടങ്ങിയ രാജ്യങ്ങളിലാണ് പട്ടികവർഗ വിദ്യാർത്ഥികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നത്.
വിദേശ പഠന ധനസഹായത്തിന് പട്ടികവർഗ, പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള മാനദണ്ഡങ്ങൾ ഏകദേശം ഒരുപോലെയാണ്. പട്ടികജാതി വിദ്യാർത്ഥികൾക്ക് വാർഷിക വരുമാനം അനുസരിച്ച് വിദ്യാഭ്യാസ ധനസഹായത്തിൽ വ്യത്യാസങ്ങളുണ്ട്. കുടുംബവാർഷിക വരുമാനം 12 ലക്ഷം രൂപ വരെയുള്ളവർക്ക് മുഴുവൻ സ്‌കോളർഷിപ്പും ലഭിക്കും. 2017 മുതൽ ഇതുവരെ 169 പട്ടികജാതി വിദ്യാർത്ഥികൾക്കായി 24,23,11,215 കോടി രൂപയാണ് വിദേശ ഉപരിപഠനത്തിന് ധനസഹായമായി നൽകി. പോസ്റ്റ് ഗ്രാജ്വേറ്റ് തലം മുതലുളള കോഴ്സുകൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്.
TIMESന്റെ ലോക റാങ്കിങ്ങിലുളള യൂണിവേഴ്സിറ്റി, സ്ഥാപനം എന്നിവയെയാണ് വിദേശ ഉപരിപഠനത്തിനായി പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾ തിരഞ്ഞൈടുക്കേണ്ടത്. ലണ്ടൻ, കാനഡ, സ്‌കോട്ട്ലാന്റ്, ന്യൂസിലാന്റ, ജർമ്മനി, ഓസ്ട്രേലിയ, പോളണ്ട് തുടങ്ങി രാജ്യങ്ങളിലാണ് പട്ടികജാതി വിദ്യാർത്ഥികൾ വിദേശ പഠനം നടത്തിക്കൊണ്ടിരിക്കുന്നത്. പണത്തിന്റെ ദൗർലഭ്യം മൂലം വിദേശപഠനം എന്ന ആഗ്രഹം മുടങ്ങരുതെന്ന നിശ്ചയദാർഢ്യത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കായി വിദ്യാഭ്യാസ ധനസഹായങ്ങൾ നൽകി വരുന്നത്.