റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍  ഇനി അക്ഷയ കേന്ദ്രങ്ങള്‍ വഴിയും നല്‍കാം. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍, നിലവിലുളള കാര്‍ഡില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കല്‍, തിരുത്തലുകള്‍, ഒരു താലൂക്കില്‍ നിന്ന് കാര്‍ഡുകള്‍ മറ്റൊരു താലൂക്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യല്‍, മരണപ്പെട്ട അംഗങ്ങളെ ഒഴിവാക്കുന്നതിനുള്ള അപേക്ഷകള്‍ തുടങ്ങി റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിവിധ ഓണ്‍ലൈന്‍ സേവനങ്ങളാണ് അക്ഷയയിലൂടെ ലഭ്യമാകുന്നത്. ഓണ്‍ലൈന്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കിയിരുന്നു. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ക്ക് പ്രത്യേക യൂസര്‍ഐഡിയും പാസ്‌വേര്‍ഡും നല്‍കിയിട്ടുണ്ട്. പുതിയ റേഷന്‍ കാര്‍ഡിനും, പുതിയ സ്ഥലത്തേക്ക് താമസം മാറുന്ന അംഗത്തിനും റേഷന്‍ കാര്‍ഡ് എടുക്കാന്‍ തദ്ദേശഭരണ സ്ഥാപനത്തില്‍ നിന്നും അനുവദിച്ച സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റും വില്ലേജ് ഓഫീസറില്‍ നിന്നു ള്ള വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഒരു റേഷന്‍ കാര്‍ഡിലും പേരില്ലാത്തവര്‍ പുതിയ കാര്‍ഡില്‍ പേര് ചേര്‍ക്കാന്‍ സ്ഥലം എംഎല്‍എയുടെയോ തദ്ദേശഭരണ സ്ഥാപന അധ്യക്ഷരുടെയോ സാക്ഷ്യപത്രം ഹാജരാക്കണം. കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട എല്ലാവരുടെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, 12 വയസില്‍ താഴെയുള്ളവര്‍ക്ക് ജനന    സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവയും ഹാജരാക്കണം. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച വിശദവിവരം സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.civilsupplieskerala.gov.in)  ലഭിക്കും. ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമാണെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍ കെ.ധനേഷ് അറിയിച്ചു.