സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ സമനിലയില്‍ പൂട്ടി മേഘാലയ. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. 17 ാം മിനുട്ടില്‍ കേരളമാണ് ആദ്യ ലീഡെടുത്തത്. 40 ാം മിനുട്ടില്‍ മേഘാലയ സമനില പിടിച്ചു. 55 ാം മിനുട്ടില്‍ മേഘാലയ ലീഡ് എടുത്തെങ്കിലും ആ ലീഡിന് മൂന്ന് മിനുട്ടിന്റെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്. 49 ാം മിനുട്ടില്‍ മേഘാലയന്‍ ബോക്‌സിലേക്ക് കുതിച്ച ജെസിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ ജിജോ ജോസഫ് ബാറിന് മുകളിലൂടെ പുറത്തേക്ക് അടിക്കുകയും ചെയ്തു. കേരളത്തിനായി മുഹമ്മദ് സഫ്‌നാദ്, മുഹമ്മദ് ഷഹീഫ് എന്നിവരാണ് ഗോള്‍ നേടിയത്. മേഘാലയക്ക് വേണ്ടി കിന്‍സായിബോര്‍ ലൂയിഡ്, ഫിഗോ സിന്‍ഡായി എന്നിവര്‍ ഗോള്‍ നേടി. സിന്‍ഡായിയുടെ ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം ഗോളാണ്. മൂന്ന് മത്സരത്തില്‍ രണ്ട് വിജയവും ഒരു സമനിലയും നേടി ഏഴ് പോയിന്റുമായി കേരളമാണ് ഗ്രൂപ്പ് എയില്‍ ഒന്നാമത്. രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റുമായി മേഘാലയയാണ് രണ്ടാമത്. സെമി ഫൈനല്‍ യോഗ്യത നേടാന്‍ കേരളം ഒരു മത്സരം കൂടെ കാത്തിരിക്കണം. 22-04-2022 വെള്ളിയാഴ്ച പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ അവസാന മത്സരം.

ആദ്യ പകുതി

ഗ്രൂപ്പ് മത്സരത്തില്‍ സസ്‌പെന്‍ഷന്‍ മാറി കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തിയ ഷികിലിനെ പുറത്തിരുത്തി സഫ്‌നാദിനെ ഉള്‍പ്പെടുത്തിയാണ് കേരളം മേഘാലയക്കെതിരെ ഇറങ്ങിയത്. മേഘാലയന്‍ ഇലവനില്‍ മൂന്ന് മാറ്റങ്ങള്‍ ഉണ്ടായിരുന്നു. രണ്ട് അറ്റാക്കിംങ് താരങ്ങളെയും ഒരു പ്രതിരോധ താരത്തെ അധികമായും ഉള്‍പ്പെടുത്തിയാണ് മേഘാലയ ഇറങ്ങിയത്. മേഘാലയന്‍ അറ്റാക്കോട് കൂടിയാണ് മത്സരം ആരംഭിച്ചത്. 10 ാം മിനുട്ടില്‍ കേരളത്തിന് ആദ്യ അവസരം ലഭിച്ചു. ബോക്‌സിന് മുമ്പില്‍ നിന്ന് പ്രതിരോധ താരങ്ങളുടെ മുകളിലൂടെ അര്‍ജുന്‍ ജയരാജിനെ ലക്ഷ്യമാക്കി വിക്‌നേഷ് നല്‍കിയ പാസ് മേഘാലയന്‍ പ്രതിരോധ താരം വില്‍ബേര്‍ട്ട് ഡോണ്‍ബോക്കലാഗ് രക്ഷപ്പെടുത്തി. 15 ാം മിനുട്ടില്‍ രണ്ടാം അവസരം. ബോക്‌സിനു മുമ്പില്‍ നിന്ന് ഗോള്‍ ലക്ഷ്യമാക്കി അടിക്കാനിരുന്ന ക്യാപ്റ്റന്‍ ജിജോ ജോസഫിനെ പിന്നില്‍ നിന്ന് ഒടിയെത്തി കിന്‍സായിബോര്‍ ലൂയിഡ് അവസരം രക്ഷപ്പെടുത്തി. 17 ാം മിനുട്ടില്‍ കേരളം ലീഡെടുത്തു. വലത് വിങ്ങില്‍ നിന്ന് ഒരു പ്രതിരോധ താരത്തെ മറികടന്ന് നിജോ ഗില്‍ബേര്‍ട്ട് നല്‍ക്കിയ പാസില്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച മുഹമ്മദ് സഫ്‌നാദ് ഗോളാക്കി മാറ്റി. ഗോള്‍ വീണതിന് ശേഷം ഉണര്‍ന്നു കളിച്ച മേഘാലയക്ക് 25 ാം മിനുട്ടില്‍ അവസരം ലഭിച്ചു. പിന്നില്‍ നിന്ന് ഓടിയെത്തിയ പ്രതിരോധ താരം അജയ് അലക്‌സ് രക്ഷകനായി. 27 ാം മിനുട്ടില്‍ സോയല്‍ ജോഷി നല്‍കിയ പാസില്‍ വിക്‌നേഷ് ഗോളാക്കി മാറ്റിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 28 ാം മിനുട്ടില്‍ പ്രതിരോധ താരങ്ങളുടെ മുകളിലൂടെ വിക്‌നേഷ് നല്‍ക്കിയ പാസ് നിജോ ഗില്‍ബേര്‍ട്ട് ഓടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അടുത്ത മിനുട്ടില്‍ തന്നെ മേഘാലയന്‍ ഗോള്‍ കീപ്പര്‍ വരുത്തി പിഴവില്‍ നിന്ന് നിജോ ഗില്‍ബേര്‍ട്ടിന് ലഭിച്ച പന്ത് ഗോള്‍ കീപ്പറില്ലാത്ത പോസ്റ്റിലേക്ക് ചിപ്പ് ചെയ്‌തെങ്കിലും ലക്ഷ്യം കാണാനായില്ല. 35 ാം മിനുട്ടില്‍ മേഘാലയന്‍ താരം സങ്ക്തി ജനായി നല്‍ക്കിയ പാസ് ഗോള്‍ പോസ്റ്റിന് മുമ്പില്‍ നിന്ന് മികച്ച ടാക്കിളിലൂടെ സോയല്‍ രക്ഷപ്പെടുത്തി. 40 ാം മിനുട്ടില്‍ മേഘാലയ സമനില പിടിച്ചു. വലതു വിങ്ങില്‍ നിന്ന് അറ്റ്‌ലാന്‍സണ്‍ ഫസ്റ്റ് ബോക്‌സിലേക്ക് നല്‍ക്കിയ പാസില്‍ ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന കിന്‍സായിബോര്‍ ലൂയിഡ് ഗോളാക്കി മാറ്റുകയായിരുന്നു.

രണ്ടാം പകുതി

രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനുട്ടില്‍ തന്നെ കേരളത്തിന് അവസരം ലഭിച്ചു. രണ്ടാം പകുതിയില്‍ പകരക്കാരായി എത്തിയ നൗഫലും ജെസിനും തമ്മില്‍ നടത്തിയ മുന്നേറ്റത്തില്‍ ജെസിന്‍ സെകന്റ് പോസ്റ്റിലേക്ക് നല്‍ക്കിയ പാസ് സഫ്‌നാദ് ഓടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ചെറിയ വ്യത്യാസത്തില്‍ നഷ്ടമായി. 49 ാം മിനുട്ടില്‍ മേഘാലയന്‍ ബോക്‌സിലേക്ക് കുതിച്ച ജെസിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റന്‍ ജിജോ ജോസഫ് ബാറിന് മുകളിലൂടെ പുറത്തേക്ക് അടിച്ചു. 55 ാം മിനുട്ടില്‍ മേഘാലയ ലീഡ് നേടി. കോര്‍ണര്‍ കിക്കില്‍ നിന്ന് വന്ന പന്ത് ഫിഗോ സിന്‍ഡായി ഡെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ഫിഗോ സിന്‍ഡായിയുടെ ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം ഗോള്‍. 58 ാം മിനുട്ടില്‍ കേരളം സമനില പിടിച്ചു. ഇടതു വിങ്ങില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന കേരള താരങ്ങളെ ലക്ഷ്യമാക്കി അടിച്ചു. മേഘാലയന്‍ താരങ്ങളുടെ തലയില്‍ തട്ടിയ പന്ത് മുഹമ്മദ് ഷഹീഫിന് ലഭിച്ചു. ഷഹീഫ് അടിച്ച് ഗോളാക്കി മാറ്റുകയായിരുന്നു. തുടര്‍ന്ന് വലതു വിങ്ങിലൂടെ മൂന്നേറി നൗഫല്‍ ഗോളിനായി അവസരം ഒരുക്കിയെങ്കിലും ഗോള്‍ വിട്ടുനിന്നു. 88 ാം മിനുട്ടില്‍ വലതു വിങ്ങില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് ഷഹീഫ് കൃത്യമായി സെകന്റ് പോസ്റ്റിലേക്ക് നല്‍കി. ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന ബിബിന്‍ അജയന്‍ ഹെഡ് ചെയ്‌തെങ്കിലും ബാറില്‍ തട്ടി. 90 ാം മിനുട്ടില്‍ മറ്റൊരു അവസരം ലഭിച്ചു. വലതു വിങ്ങിലൂടെ നൗഫല്‍ അകത്തേക്ക് കടന്ന് സോയലിന് നല്‍കിയ ബോള്‍ സോയല്‍ ബോക്‌സിലേക്ക് നല്‍കി. പന്ത് സ്വീകരിച്ച ജിജോ ജോസഫ് ഗോളിന് ശ്രമിച്ചെങ്കിലും മേഘാലയന്‍ ഗോള്‍ കീപ്പര്‍ തട്ടി അകറ്റി.