തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദീ സംരക്ഷണത്തിനായി ‘നീര്‍ധാര’ ജനകീയ പദ്ധതി ഒരുങ്ങുന്നു. പദ്ധതി നിര്‍വഹണത്തിന് മുന്നോടിയായി ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ അവലോകനയോഗം ചേര്‍ന്നു.

വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ ഏഴ് സബ്കമ്മിറ്റികള്‍ രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമായി നദിയുടെ വൃഷ്ടിപ്രദേശത്ത് മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കും. പ്രദേശത്തെ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍ എന്നിവരുടെ വീടുകളില്‍ കമ്പോസ്റ്റ് പിറ്റ്, സോക്ക്പിറ്റ് എന്നിവ തയാറാക്കുകയും കിണര്‍ റീചാര്‍ജ് ചെയ്യുകയും ചെയ്യും. ഇത്തരത്തില്‍ 6000 വീടുകളില്‍ ക്യാമ്പയിന്‍ നടപ്പാക്കാനാണ് പദ്ധതി. വാമനപുരം നദി  ഒഴുകുന്ന 31 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ 10 മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വീതിയുമുള്ള കാര്‍ഷിക കുളങ്ങള്‍ നിര്‍മിക്കും. ഒപ്പം ഭൂഗര്‍ഭ ജല വകുപ്പിന്റെ സഹായത്തോടെ നദിയുടെ വൃഷ്ടിപ്രദേശങ്ങളിലുള്ള പൊതുസ്ഥാപനങ്ങളില്‍ കൃത്രിമ ഭൂജല പോഷണം നടത്തും. പദ്ധതിയുടെ ഭാഗമായി വാട്ടര്‍ അതോറിറ്റി, മൈനര്‍ ഇറിഗേഷന്‍, മേജര്‍ ഇറിഗേഷന്‍ എന്നീ വകുപ്പുകള്‍ സംയുക്തമായി അരുവിക്കരയില്‍ ചെക്ക് ഡാം നിര്‍മിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.

വാമനപുരം എം.എല്‍.എ ഡി കെ മുരളി കണ്‍വീനറായ ഉന്നതതല സമിതി യോഗത്തില്‍ ഭൂവിനിയോഗ കമ്മീഷണര്‍ എ. നിസാമുദ്ദീന്‍, നവകേരളം കര്‍മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി.ഹുമയൂണ്‍, സി.ഇ.ഡി പ്രോഗ്രാം ഓഫീസര്‍ പി.ബൈജു, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ കെ.ഐ പ്രദീപ് കുമാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.