തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പ്രധാന ജലസ്രോതസായ അയിരൂര്‍ പുഴയില്‍ ജലനടത്തം സംഘടിപ്പിച്ചു. ചെമ്മരുതിയിലേക്ക് പ്രവേശിക്കുന്ന മുത്താന പണയില്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നും രാവിലെ 10 ന് ആരംഭിച്ച ജലനടത്തം എട്ട് കിലോമീറ്റര്‍ പിന്നിട്ട് വൈകുന്നേരം ഇലകമണ്‍ പഞ്ചായത്ത് അതിര്‍ത്തിയിലെ തെങ്ങിനാമൂലയില്‍ അവസാനിച്ചു.

പുഴ മലിനമാകുന്ന കാരണങ്ങള്‍ പഠന വിധേയമാക്കുക, റാമ്പുകളും തടയണകളും സംരക്ഷണ ഭിത്തികളും നിര്‍മിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്തുക, പുഴയെ അടുത്തറിയുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യം. തൊഴിലുറപ്പ് പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ പുഴ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പാളയംകുന്ന് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, അദ്ധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍,  ശാസ്ത്രസാഹിത്യ പരിഷത് പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, യൂത്ത് ക്ലബ് അംഗങ്ങള്‍, യുവജന സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ജലനടത്തത്തില്‍ പങ്കാളികളായി.

ഇതിനോടനുബന്ധിച്ച് നടന്ന ജലസഭയുടെ ഉദ്ഘാടനം വണ്ടിപ്പുര കാങ്കുളത്ത് കാവിന് സമീപം ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറില്‍ നിര്‍വഹിച്ചു.  ജലസഭയില്‍ ഉയര്‍ന്ന് വന്ന വിവിധ വിഷയങ്ങള്‍ പരിഹരിക്കാന്‍  ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരോട് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍, ത്രിതല ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.