എല്ലാ മേഖലയിലെയും സമസ്ത പുരോഗതിയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതു വിദ്യാഭ്യാസ , തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം അങ്കമാലിയിൽ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് മഹാമാരി ലോകത്താകമാനം തൊഴിൽമേഖലയെ പിടിച്ചുകുലുക്കിയ സാഹചര്യത്തിൽ തൊഴിലില്ലാതെ കഷ്ടപ്പെടുന്ന എല്ലാ തൊഴിലാളികളെയും ചേർത്തുപിടിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. ഒന്ന്, രണ്ട് ലോക്ക്ഡൗൺ ഘട്ടങ്ങളിൽ 18,11,25,000 രൂപയാണ് സംസ്ഥാന സർക്കാർ ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് അനുവദിച്ചത്. കരുതലിന്റെ ഭാഗമായി ക്ഷേമ പെൻഷനുകൾ 1,600 രൂപയായി ഉയർത്തി. ജനപക്ഷ ബദൽ നയങ്ങളിലൂടെ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് സർക്കാർ. വിവാഹ ധനസഹായമായി ഈ സാമ്പത്തിക വർഷം 8,24,500 രൂപ ബോർഡ് വഴി നൽകിയതായി മന്ത്രി പറഞ്ഞു.

അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രസവാനുകൂല്യമായി 1,43,40,000 രൂപ നൽകി. വിദ്യാഭ്യാസ ക്ഷേമപദ്ധതി ഇനത്തിൽ 3,47,000 രൂപയും, സാമ്പത്തിക താങ്ങൽ പദ്ധതിയുടെ ഭാഗമായി അഞ്ചുകോടി രൂപയും ബോർഡ് വഴി വിതരണം ചെയ്തു. ഈറ്റ, തഴ തൊഴിലാളികൾക്ക് കാലഘട്ടത്തിനനുസൃതമായി തൊഴിൽ പരിശീലനം നൽകി തൊഴിൽ ലഭ്യത ഉറപ്പുവരുത്തുന്നതിന് നാല് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ബോർഡിന്റെ കളക്ഷൻ സെന്റർ സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ക്ഷേമനിധി ബോർഡ് നിലവിൽ നൽകുന്ന ആനുകൂല്യങ്ങൾ കാലാനുസൃതമായി പരിഷ്കരിച്ച് തൊഴിലാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. വിവിധ ആവശ്യങ്ങളുമായി ക്ഷേമനിധി ബോർഡിൽ എത്തുന്ന തൊഴിലാളികളോട് ജീവനക്കാർ മാന്യമായി പെരുമാറണം. തൊഴിലാളികൾ ആവശ്യത്തിനായി ഒന്നിൽ കൂടുതൽ തവണ കയറിയിറങ്ങുന്ന അവസ്ഥ ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.ചടങ്ങിൽ ബോർഡിലെ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് വിവിധ ആനുകൂല്യങ്ങളുടെ ഭാഗമായി 1,27,50,000 രൂപ വിതരണം ചെയ്തു. റോജി എം. ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.