ആരോഗ്യ സുരക്ഷിതത്വ പരിശീലനവും ദേശീയ സുരക്ഷിതത്വ കോണ്‍ക്ലേവും നടന്നു 

സംസ്ഥാനത്ത് പുതുതായി നടപ്പാക്കാനിരിക്കുന്ന വ്യവസായ നയം വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. അന്താരാഷ്ട്ര ആരോഗ്യ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് ചെറുകിട ഫാക്ടറികളിലെ തൊഴിലാളികള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കുമായി ദ്വിദിന ആരോഗ്യ സുരക്ഷിതത്വ പരിശീലനവും ദേശീയ സുരക്ഷിതത്വ കോണ്‍ക്ലേവും കാക്കനാട് ഒക്കുപ്പേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു നാല് കോഡുകള്‍ ആക്കുന്നതിന്റെ ഭാഗമായി പൊതുജനാഭിപ്രായ രൂപീകരണ ചര്‍ച്ചകള്‍ നടന്നുവരികയാണ്. പരിശീലന പരിപാടിയുടെ ഭാഗമായി പുതിയ തൊഴില്‍നിയമ കരടും ചര്‍ച്ച ചെയ്യണമെന്നും അഭിപ്രായ രൂപീകരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനു ശേഷം സംസ്ഥാനത്തൊട്ടാകെ കൂടുതല്‍ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. കൃത്യമായ പരിശീലനം ലഭിക്കാത്തതിനാല്‍ തൊഴിലിടങ്ങളില്‍ അപൂര്‍വമായെങ്കിലും അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്. തൊഴിലാളികള്‍ക്കു നല്‍കുന്ന പരിശീലനംവഴി ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനാകും. 2030ഓടെ തൊഴിലിടങ്ങളിലെ അപകടങ്ങളും തൊഴില്‍ജന്യ രോഗങ്ങളും ഒഴിവാക്കുക എന്ന അന്താരാഷ്ട്ര തൊഴില്‍ സമിതിയുടെ ആശയത്തോട് ചേര്‍ന്നുനിന്നാണ് തൊഴില്‍ വകുപ്പിന്റെയും ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ് വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍. തൊഴിലിടങ്ങളിലെ ഉയര്‍ന്ന സുരക്ഷിതത്വം ഉയര്‍ന്ന ഉത്പാദനത്തിനും കാരണമാകുമെന്നും മന്ത്രി പറഞ്ഞു.

രണ്ടു ദിവസത്തെ ആരോഗ്യ സുരക്ഷിതത്വ പരിശീലനനത്തിന് അന്താരാഷ്ട്ര തൊഴില്‍ സമിതി സീനിയര്‍ സ്‌പെഷ്യലിസ്റ്റ് യോഷി കാവകാമി, പ്രോഗ്രാമിങ് ഓഫീസര്‍ രുചിര ചന്ദ്ര എന്നിവര്‍ നേതൃത്വം നല്‍കും. അന്താരാഷ്ട്ര ആരോഗ്യ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈനായും ഓഫ്‌ലൈനായും ദേശീയ സുരക്ഷിതത്വ കോണ്‍ക്ലേവും സംഘടിപ്പിക്കും.