പച്ചമുളക് മുതല്‍ ഉരുളക്കിഴങ്ങ് വരെയുള്ള പച്ചക്കറികള്‍ വരെ പായസത്തിന് വിഭവങ്ങളായ വ്യത്യസ്തമായൊരു പാചകമത്സരമാണ് ബുധനാഴ്ച തേക്കിന്‍കാട് നടന്ന എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ നടന്നത്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പാചകമത്സരത്തിന്റെ രണ്ടാംദിനത്തില്‍ ബുധനാഴ്ചയിലെ വിഷയം പായസമായിരുന്നു. ചക്ക പായസം, കുമ്പളങ്ങ പായസം, മുളക് പായസം, അവിയല്‍ പായസം, മുതല്‍ പഴ വര്‍ഗ്ഗങ്ങള്‍ കൊണ്ടുള്ള പായസം വരെ മത്സരത്തില്‍ വേറിട്ടുനിന്നു.

കാഴ്ചയുടെയും രുചിയുടെയും വൈവിധ്യങ്ങള്‍ക്ക് വേദിയാവുകയാണ് എന്റെ കേരളം മെഗാ പ്രദര്‍ശനം. മുളയരി കൊണ്ട് രുചിയൂറുന്ന പായസമൊരുക്കിയ ചാവക്കാട് ബ്ലോക്കിലെ ശോഭ ഹരിദാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വാഴപ്പിണ്ടി, പൈനാപ്പിള്‍ എന്നിവ കൊണ്ട് പായസമൊരുക്കി ചൊവ്വന്നൂര്‍ ബ്ലോക്കിലെ ജിബി ജോബി രണ്ടാം സ്ഥാനം നേടി. മുരിങ്ങക്ക, വെള്ളരിക്ക, പയര്‍, ഉരുളകിഴങ്ങ്, ക്യാരറ്റ്, മത്തങ്ങ തുടങ്ങിയ പച്ചക്കറികള്‍ ഉപയോഗിച്ച് അവിയല്‍ പായസം ഒരുക്കിയ കൊടകര ബ്ലോക്കിലെ ഷേര്‍ളി ഷാജുവിനാണ് മൂന്നാം സ്ഥാനം. ജില്ലയിലെ പതിനാറ് ബ്ലോക്കില്‍ നിന്നുമുള്ള വനിതകളാണ് മത്സരത്തിനെത്തിയത്. രണ്ടു മണിക്കൂറായിരുന്നു മത്സരത്തിന്റെ സമയദൈര്‍ഘ്യം. ഒന്നര മണിക്കൂറില്‍ മിക്കവരും പായസം തയ്യാറാക്കി കഴിഞ്ഞു. പ്രൊഡക്ഷന്‍ ഡെമോണ്‍സ്‌ട്രേഷന്‍ പി ശ്യാം, ഫുഡ് സേഫ്റ്റി ഓഫീസര്‍ അരുണ്‍, കെടിഡിസി ഷെഫ് വി മനോജ്, ഐഫ്രം ഫാക്കല്‍റ്റി എന്നിവരടങ്ങിയ സംഘമാണ് വിധി നിര്‍ണയം നടത്തിയത്.