വടക്കുംനാഥന്റെ തിരുമുറ്റത്ത് അരങ്ങേറുന്ന എന്റെ കേരളം പ്രദര്‍ശന മേളയില്‍ ലൈവായി വടക്കുംനാഥന്റെ ശില്‍പ്പമൊരുക്കി താരമാവുകയാണ് ചെറുവത്തേരി സ്വദേശിയായ സലീഷ് ശങ്കരന്‍ ആചാരി. മേളയിലെ സ്റ്റാളിലാണ് വടക്കുംനാഥന്‍ കാളപ്പുറത്തിരിക്കുന്ന വലിയ ശില്പം നാല്‍പത്തഞ്ചുകാരനായ സലീഷ് ശങ്കരന്‍ ലൈവായി നിര്‍മ്മിക്കുന്നത്. രണ്ടര വര്‍ഷമായി സലീഷ് ശൈവശില്‍പത്തിന്റെ പണിപ്പുരയിലാണ്. ശില്‍പനിര്‍മ്മിതിയുടെ യഥാര്‍ത്ഥകാഴ്ചകള്‍ കാഴ്ചക്കാരില്‍ എത്തിക്കുകയാണ് സലീഷിന്റെ ഈ ഉദ്യമത്തിനു പിന്നിലുള്ള ലക്ഷ്യം.

മദിരാശി മരത്തിലാണ് ശില്‍പം ഒരുക്കുന്നത്. വലിയ പീഠത്തില്‍ കാളപ്പുറത്തിരിക്കുന്ന ശിവന്റെ രൂപം ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. ശിവന്റെ പ്രഭാമണ്ഡലമാണ് ശില്‍പ്പത്തിന്റെ പ്രധാന ആകര്‍ഷണം. മേള പൂര്‍ത്തിയാകുന്നതോടെ മിനുക്കുപണികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ശില്‍പകലയോടുള്ള താത്പര്യം മൂലം മറ്റു ജോലികള്‍ ഒഴിവാക്കി പൂര്‍ണമായും കലയ്ക്ക് വേണ്ടി ജീവിക്കുകയാണ് ഈ ശില്‍പി. ശില്‍പ്പകല പഠിച്ചിട്ടില്ലെങ്കിലും കലയോടുള്ള ആത്മാര്‍ത്ഥത സലീഷിന്റെ ശില്‍പ്പങ്ങൾക്ക് ചാരുത വര്‍ധിപ്പിക്കുന്നു. സലീഷിന്റെ ഇഷ്ടദേവതയാണ് പരമശിവന്‍. മരത്തിലാണ് കൂടുതലായും ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നത്. വലിയ ശില്‍പ്പങ്ങളോടാണ് താല്പര്യം. പ്ലാവിന്റെ ഒറ്റത്തടിവേരില്‍ ഗരുഡന്‍, സര്‍പ്പം, മത്സ്യം, മാന്‍, കാള, കുതിര, അരയന്നം തുടങ്ങി എട്ടു രൂപങ്ങളെ കൊത്തിയെടുത്ത ശില്പം മനോഹരകാഴ്ചയാണ്. മരത്തില്‍ നിര്‍മ്മിച്ച സിങ്കപ്പൂര്‍ മെര്‍ലയണ്‍, ദീപം തുടങ്ങി മറ്റു ശില്പങ്ങളും കാഴ്ചക്കാരെ കാത്തിരിക്കുന്നു.