സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മെഗാ എക്‌സിബിഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പ്രദർശന വിപണന മേളയാണ് രണ്ടാം ദിനത്തിലും ജനകീയമായി തുടരുന്നത്. സർക്കാർ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കിയും കണ്ണിന് കൗതുകമൂറുന്ന കാഴ്ചകൾ ഒരുക്കിയുമാണ് മേള ജനശ്രദ്ധ ആകർഷിക്കുന്നത്. രുചിഭേദങ്ങളുടെ കലവറ ഒരുക്കി കുടുംബശ്രീ മേളയുടെ മുഖ്യ ആകർഷണമാണ്.
വിവിധ മേഖലകളിൽ കേരളം കണ്ട മാറ്റങ്ങൾ ഒരു വിസ്മയ കാഴ്ചയായി അവതരിപ്പിക്കുന്ന എന്റെ കേരളം സ്റ്റാളും ശ്രദ്ധേയമാണ്. കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൂടെയുള്ള ഒരു യാത്രയാണ് എന്റെ കേരളം സ്റ്റാൾ. കൃഷി, സാമൂഹ്യനീതി വകുപ്പ്, പൊലീസ്, പട്ടികജാതി ക്ഷേമം, ഭക്ഷ്യസുരക്ഷ, കയർ, ടൂറിസം തുടങ്ങി വകുപ്പുകളുടെ സ്റ്റാളുകളും കാണികൾക്ക് പ്രിയമേറുന്നവയാണ്. ഭിന്നശേഷിക്കാർ, വയോജനങ്ങൾ തുടങ്ങിയവർ നിർമിച്ച ഉൽപ്പന്നങ്ങളും മേളയിൽ പ്രദർശനത്തിനുണ്ട്. ചവിട്ടികൾ, കുട, മെഴുകുതിരി, അച്ചാറുകൾ, ചെടികൾ, പേപ്പർ പേനകൾ തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾ പ്രദർശനത്തിനുണ്ട്.
കാലിക പ്രസക്തിയുള്ള വിഷയങ്ങൾ ചർച്ച ചെയ്ത് സെമിനാറുകളും കഥാപ്രസംഗം, മ്യൂസിക് ഷോ തുടങ്ങിയ
കലാ സാംസ്കാരിക പരിപാടികളുമാണ് രണ്ടാം ദിനത്തെ കൂടുതൽ ആവേശത്തിലാഴ്ത്തിയത്.
എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിനെ ആസ്‌പദമാക്കി കാഥികൻ ഹർഷകുമാർ അവതരിപ്പിച്ച ‘മയ്യഴി പുഴയുടെ തീരങ്ങൾ ‘ എന്ന കഥാപ്രസംഗം മേളയിൽ ശ്രദ്ധേയമായി. കേരള ജനത അനുഭവിച്ച അടിമത്വവും അവിടെ നിന്ന് നേടിയ അതിജീവന പാഠവും നിറ സദസിൽ അവതരിപ്പിച്ചാണ് ഹർഷകുമാർ കയ്യടി നേടിയത്. സംഗീതത്തിന്റെ മായാലോകത്തേയ്ക്കുള്ള കൂട്ടികൊണ്ട് പോകലായിരുന്നു പ്രശസ്ത പിന്നണി ഗായകൻ ജോബ് കുര്യന്റെ മ്യൂസിക് ഷോ. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ ശേഷം ജില്ല കണ്ട മെഗാ മേള ജനകീയ പങ്കാളിത്തം കൊണ്ടും ഉൽപ്പന്നങ്ങളുടെയും സ്റ്റാളുകളുടെയും ബാഹുല്യം കൊണ്ടും വൻ വിജയമാവുകയാണ്. കുരുന്നുകൾ മുതൽ വയോധികർ വരെ മേളയുടെ ഭാഗമായി. തിരക്ക് നിയന്ത്രിക്കാനായി വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.