മനം നിറച്ച് വാദ്യ വിസ്മയവും നൃത്ത ശിൽപവും
വടക്കുനാഥന്റെ സായം സന്ധ്യകളിൽ വാദ്യവിസ്മയ – നൃത്ത പൂരമൊരുക്കി വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാര്‍. കേരള തനിമയെയും സംസ്കാരത്തെയും ഇഴചേർത്തി അണിയിച്ചൊരുക്കിയ കേരള വാദ്യങ്ങളുടെ ഫ്യൂഷൻ ആസ്വാദകരുടെ മനം കവർന്നു. മിഴാവ്, ചെണ്ട, മദ്ദളം, തിമില,
മൃദംഗം തുടങ്ങി വാദ്യ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഫ്യൂഷൻ അവതരിപ്പിച്ചത്.
30 വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരൻമാരാണ് എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയെ കൂടുതൽ ആസ്വാദ്യകരമാക്കിയത്. ഒ എൻ വിയുടെ അമ്മ കവിതയെ മോഹിനിയാട്ടത്തിലൂടെ അവതരിപ്പിച്ച
വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരികളെയും നിറ കൈയടികളോടെയാണ് വേദി വരവേറ്റത്.
17 കലാകാരികളാണ് കാവാലത്തിന്റെയും
ഒ എൻ വി യുടെയും തിരഞ്ഞെടുത്ത കവിതകൾ മോഹിനിയാട്ട രൂപത്തിൽ വേദിയിലെത്തിച്ചത്. കേരളീയ സംസ്കാരത്തിന്റെ തനിമ വിളിച്ചോതുന്ന എന്റെ കേരളം നൃത്ത ശിൽപവും കാണികളുടെ മനം നിറച്ചു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കഥകളി തുടങ്ങിയ നൃത്ത രൂപങ്ങൾ ഒരുമിച്ച് അണിനിരത്തിയാണ് കേരള കലാമണ്ഡലത്തിലെ വിദ്യാർത്ഥിനികൾ എന്റെ കേരളം നൃത്തശിൽപം അവതരിപ്പിച്ചത്. കേരളത്തിന്റെ ഭൂപ്രകൃതി, സംസ്കാരം, ഭാഷ എന്നിവ ഇഴച്ചേർത്തുള്ള നൃത്ത ശിൽപം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു. കേരള കലാമണ്ഡലത്തിലെ 17 വിദ്യാർത്ഥിനികളാണ് അരങ്ങിലെത്തിയത്.
താളപെരുമഴ തീർത്ത് വാദ്യകലാകാരന്മാർ
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ മൂന്നാം ദിനത്തിലെ കലാസന്ധ്യയിൽ താളപെരുമഴ തീർത്ത് വജ്രജൂബിലി കലാകാരന്മാർ. വാദ്യ കലാപ്രേമികളുടെ നാടായ തൃശൂരിന് ഇത് പൂരത്തിന് മുൻപുള്ള ശ്രവ്യവിരുന്നായി.
മൂപ്പതിലേറെ കലാകാരന്മാരാണ് ഒരേ സമയം വേദിയിൽ താള വിസ്മയം തീർത്തത്. മൃദംഗം, ചെണ്ട, തിമില, മിഴാവ്, മദ്ദളം, ഇലത്താളം തുടങ്ങി വാദ്യോപകരണങ്ങളുമായി 30 കലാകാരൻമാരാണ് അരങ്ങിലെത്തിയത്.
ദേവവാദ്യമായ മൃദംഗത്തിൽ തുടങ്ങി തിമില, മിഴാവ്, മദ്ദളം, അവസാനമായി അസുര വാദ്യമായ ചെണ്ടയിൽ അണിനിരന്നാണ് മുൻനിര കലാകാരൻമാർ അരങ്ങത്ത് എത്തിയത് .പിൻനിരയിൽ അണിനിരന്ന് ഇലത്താള കലാകാരന്മാരും . വിവിധ താള പ്രമാണത്തിൽ നിറഞ്ഞ സദസ്സിൽ കലാകാരന്മാർ താളവിസ്മയം തീർത്തപ്പോൾ ഒരു ചെറുപൂരത്തിന്റെ ലഹരിയിലാരുന്നു സദസ്.