എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച്
വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ
‘സുസ്ഥിരമായ നാളേക്കായ് ലിംഗസമത്വം ഇന്നു തന്നെ’
എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും എൻ എസ് എസ് നാഷണൽ ട്രെയിനറുമായ ബ്രഹ്മനായകം മഹാദേവൻ ആണ് സെമിനാർ നയിച്ചത്. ആപ്പിളും ഓറഞ്ചും താരതമ്യം ചെയ്ത് ആരംഭിച്ച സെമിനാർ സ്ത്രീ -പുരുഷ വ്യത്യാസവും താരതമ്യവും സമൂഹത്തിൽ ഏതെല്ലാം രീതിയിലുണ്ടെന്ന് ചർച്ച ചെയ്തു.
ലിംഗവ്യത്യാസം തുടങ്ങുന്നത് കുടുംബങ്ങളിൽ നിന്നാണ്. ലിംഗ വ്യത്യാസമില്ലാതെ ഏത് ജോലി ചെയ്യാനും നമ്മുടെ കുട്ടികൾ പ്രാപ്തരാണെന്ന വിശ്വാസമുണ്ടാക്കണം. ശാരീരികമായി മാത്രമാണ് സ്ത്രീ-പുരുഷ വ്യത്യാസം. പ്രളയകാലത്ത് ആൺ, പെൺ വ്യത്യാസമില്ലാതെ പ്രതിസന്ധികളെ മറികടക്കാൻ നാം കാണിച്ച ആർജവം മാതൃകാപരമാണ്. പരിഗണനയും ചേർത്ത് നിർത്തലും പുരുഷനും സ്ത്രീക്കും ഒരുപോലെ കൈ വരണമെന്നും സെമിനാർ ചർച്ച ചെയ്തു.
സെമിനാറിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. സെമിനാറിന് മുന്നോടിയായി ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജ് വിദ്യാർത്ഥിനി രാജലക്ഷ്മി എം ആർ ഭരതനാട്യവും ശ്രീവ്യാസ എൻഎസ്എസ് കോളേജ് വിദ്യാർത്ഥിനി ഋഷിക കേരള നടനവും അവതരിപ്പിച്ചു.
വനിതാ ശിശു വികസന ഓഫീസർ പി മീര, ജില്ലാ ശിശു സംരക്ഷണ ഓഫീസർ മഞ്ജു, ജില്ലാ ഐ സി ഡി എസ് പ്രോഗ്രാം ഓഫീസർ അംബിക എന്നിവർ സെമിനാറിൽ പങ്കെടുത്തു.