സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മെഗാ എക്‌സിബിഷന് മൂന്നാം ദിനത്തിലും ആവേശം ചോരുന്നില്ല. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പ്രദർശന വിപണന മേളയിൽ വജ്ര ജൂബിലി കലാകാരൻമാർ അവതരിപ്പിച്ച മോഹിനിയാട്ടം, വാദ്യകലാ ഫ്യൂഷൻ എന്നിവ മൂന്നാം ദിനത്തിൽ കാണികളുടെ മനം കവർന്നു.

കുടുംബശ്രീയുടെ പായസ മത്സരം മേളയുടെ വേറിട്ട വിഭവമായി. മുളയരി, വാഴപ്പിണ്ടി, മുളക്, ഫലവർഗ്ഗങ്ങൾ, വെള്ളരിക്ക, മത്തങ്ങ തുടങ്ങി വിവിധ രുചികളിലുള്ള പായസങ്ങളാണ് കുടുംബശ്രീ മത്സരത്തിൽ അവതരിപ്പിച്ചത്. ‘സുസ്ഥിരമായ നാളേക്കായി ലിംഗസമത്വം ഇന്നുതന്നെ’,  സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിൽ നടന്ന സെമിനാറുകൾ കാലിക പ്രസക്തി വിളിച്ചോതി. സർക്കാർ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ സൗജന്യമായി ലഭിച്ചതും ഏറെ ജനോപകാരപ്രദമായി.

വിവിധ മേഖലകളിൽ കേരളം കണ്ട മാറ്റങ്ങൾ ഒരു വിസ്മയ കാഴ്ചയായി അവതരിപ്പിക്കുന്ന എന്റെ കേരളം സ്റ്റാളിൽ മൂന്നാം ദിനത്തിലും തിരക്കേറി. കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൂടെയുള്ള യാത്രയാണ് എന്റെ കേരളം സ്റ്റാൾ. സമകാലിന വിഷയങ്ങളിൽ അഭിപ്രായങ്ങൾ ആരാഞ്ഞുകൊണ്ടുള്ള വനിതാ ശിശു വികസന വകുപ്പിന്റെ അഭിപ്രായ സർവ്വേയും ജനകീയമായി.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ ശേഷം ജില്ല കണ്ട മെഗാമേള ജനകീയ പങ്കാളിത്തം കൊണ്ടും ഉൽപ്പന്നങ്ങളുടെയും സ്റ്റാളുകളുടെയും ബാഹുല്യം കൊണ്ടും വൻ വിജയമാവുകയാണ്. കുരുന്നുകൾ മുതൽ വയോധികർ വരെ മേളയുടെ ഭാഗമായി. ഭിന്നശേഷിക്കാർ, വയോജനങ്ങൾ തുടങ്ങിയവർ നിർമിച്ച ഉൽപ്പന്നങ്ങളും മേളയിൽ പ്രദർശനത്തിനുണ്ട്. ഇന്ന് (ഏപ്രിൽ 21) വൈകിട്ട് അഞ്ച് മുതൽ വജ്ര ജൂബിലി കലാകാരൻമാരുടെ ചവിട്ടുനാടകം കാറൽസ്മാൻ ചരിതവും ഏഴ് മുതൽ കൊച്ചിൻ ആരോസിന്റെ  അക്രൊബാറ്റിക് ഡാൻസും എന്റെ കേരളം അരങ്ങിലെത്തും.