തൃശൂര്‍ നിയോജകമണ്ഡലം പരിധിയിലെ വിവിധ മത്സ്യ മാര്‍ക്കറ്റുകളില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 11 കിലോ പഴകിയ മത്സ്യം കണ്ടെടുത്ത് നശിപ്പിച്ചു. ഓപ്പറേഷന്‍ സാഗര്‍ റാണി രണ്ടാംഘട്ടത്തിന്റെ ഭാഗമായി തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ്, കാളത്തോട്, ചെമ്പുക്കാവ്, പറവട്ടാനി, പാട്ടുരായ്ക്കല്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി പരിശോധന നടത്തിയത്.
മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന മത്സ്യം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്ന വ്യാപകമായ പരാതിയെത്തുടര്‍ന്നാണ് സംയുക്ത പരിശോധനക്ക് സ്‌ക്വാഡ് ഇറങ്ങിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി വിവിധ സ്ഥലങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും കാക്കനാട് റീജനല്‍ അനലറ്റിക്കല്‍ ലാബ്, ഭക്ഷ്യസുരക്ഷാ മൊബൈല്‍ ലാബ് എന്നിവിടങ്ങളിലേക്ക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ലാബില്‍ നിന്നുള്ള പരിശോധനാഫലം ലഭിക്കുന്നതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. കെമിക്കല്‍ സ്ട്രിപ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അമോണിയ, ഫോര്‍മാലിന്‍ എന്നീ രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. നിലവില്‍ കണ്ടെടുത്ത പഴകിയ മത്സ്യം ആരോഗ്യ വിഭാഗത്തിന്റെ സഹായത്തോടുകൂടി നശിപ്പിച്ചു കളഞ്ഞു.ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ രേഖ,രേഷ്മ,അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ലീന തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിസാര്‍ എന്നിവര്‍ പരിശോധന നടപടികള്‍ക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പരിശോധനകള്‍ കൂടുതല്‍ കര്‍ശനമായും ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ശക്തമായും നടത്തുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മാജ ജോസ്, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ഉദയശങ്കര്‍ എന്നിവര്‍ അറിയിച്ചു.