സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ നാല് ദിവസമായി തുടരുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെത്തി അപ്രതീക്ഷിത അതിഥികൾ. ഓസ്ട്രേലിയൻ സ്വദേശി സ്കോട്ടും അമേരിക്കൻ സംസ്ഥാനമായ ഒഹായോയിൽ നിന്നെത്തിയ ഡോ.വ്ളാസ്റ്റ മോലക്കുമാണ് പൂരനഗരിയിൽ അപ്രതീക്ഷിതമായി എത്തിയവർ.

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ക്വിസ് മത്സരത്തിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയാണ് സ്കോട്ട് മേളയുടെ ഭാഗമായത്. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ എന്റെ കേരളം പവലിയനാണ് സ്കോട്ടിനെ ഏറെ ആകർഷിച്ചത്. കേരളത്തിന്റെ സംസ്കാരവും പൈതൃകവും വെളിവാക്കുന്ന നിശ്ചല ദൃശ്യങ്ങൾ കണ്ട സ്കോട്ട് ദൈവത്തിന്റെ സ്വന്തം നാടിനെ പ്രശംസിക്കാനും മറന്നില്ല.

സ്റ്റാളുകൾ ഓരോന്നും സസൂക്ഷ്മം നിരീക്ഷിച്ച്  നടക്കുന്നതിനിടയിൽ അൽപ്പ സമയം പബ്ലിക് ഇൻഫർമേഷൻ ഓഫീസിൽ ചെലവഴിച്ച് അഭിപ്രായങ്ങൾ പങ്ക് വെച്ചാണ് മോലക് പ്രദർശനമേള വിട്ടത്. ഹിമാലയത്തിൽ വച്ച് കണ്ടുമുട്ടിയ മലയാളി സുഹൃത്ത് ഹേമ ക്രിസ്മസിന്റെ ക്ഷണം സ്വീകരിച്ചാണ് ഇവർ മേളയ്ക്ക് എത്തിയത്.

കേരളത്തിന്റെ സംസ്കാരം വിളിച്ചോതുന്ന നിർമ്മിതികൾ പ്രദർശനമേളയിലൂടെ കാണാൻ അവസരമൊരുക്കിയതിന് സംഘാടകർക്ക് നന്ദി പറഞ്ഞാണ് അതിഥികൾ മേള വിട്ടത്.