കണ്ണില്ലെങ്കിലെന്താ അകക്കണ്ണാല്‍ മേള ആസ്വദിക്കുകയാണ് അനന്തു ഗിരീഷ് എന്ന ഇരുപത്തിയൊന്നുകാരന്‍. കൂട്ടിന് അഖില്‍കുമാറുമുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കലാലയമായ തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥികളായ ഇരുവരും എന്റെ കേരളം പ്രദര്‍ശനത്തിലെത്തിയത് കലാലയ അനുഭവങ്ങള്‍ പങ്കുവെക്കാനാണ്. ജന്മനാ കാഴ്ചശക്തി നഷ്ടപ്പെട്ട അനന്തുവും കാലുകള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ട അഖിലും കൂട്ടുകാര്‍ക്കൊപ്പമാണ് മേളയിലെത്തിയത്.
എം എ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയായ അനന്തു ഗിരീഷ് കോളേജിലെ എന്‍എസ്എസ് അംഗവും ജില്ലയിലെ ബ്ലൈന്റ് ടീമിന്റെ ഓള്‍ റൗണ്ടറുമാണ്. പരിമിതികളെ മറികടന്ന് ഉയരങ്ങളിലേക്ക് പറക്കാന്‍ പിന്തുണ നല്‍കിയത് ഉന്നത വിദ്യാഭ്യസ വകുപ്പിന്റെ അകമഴിഞ്ഞ പ്രോത്സാഹനമാണെന്നും കോളേജ് അങ്കണത്തിലും പുറത്തും സജീവമായി സമൂഹ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപ്പെടാനും എന്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ സഹായിച്ചതായി അനന്തു പറഞ്ഞു. ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ഉന്നമന്നതിനായി നിരവധി പദ്ധതികളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിക്കുന്നതെന്നും അനന്തു പറഞ്ഞു. മൂന്നു വര്‍ഷമായി എന്‍എസ്എസ് സജീവ പ്രവര്‍ത്തകനാണ് അനന്തു. കലാലയ അനുഭവങ്ങള്‍ക്കൊപ്പം കൈത്താങ്ങലിന്റെ അനുഭവത്തിനൊപ്പം പാട്ടും പാടിയാണ് അനന്തു വേദി വിട്ടത്. ഭിന്നശേഷി ഹൃദ്യമായ ക്യാമ്പസിന്റെ പരിഗണനയുടെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കൈത്താങ്ങിന്റെയും കഥയാണ് പി ജി വിദ്യാര്‍ത്ഥിയായ അഖിലിനും പറയാനുണ്ടായിരുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പും നാഷണല്‍ സര്‍വ്വീസ് സ്‌കീമുമാണ് ഇരുവര്‍ക്കും കലാലയ അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ എന്റെ കേരളം കലാ സംസ്‌കാരിക വേദിയില്‍ അവസരം ഒരുക്കിയത്.