ഉദയത്തുംവാതിൽ എൽ.പി സ്കൂളിന്റെ നവീകരിച്ച കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാഭ്യാസ മേഖലയിൽ കടന്നുപോയത് വിപ്ലവകരമായ ആറ് വർഷങ്ങൾ ആണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവീകരിച്ച കുമ്പളം ഉദയത്തുംവാതിൽ എൽ.പി സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വന്ന മാറ്റങ്ങൾ രാജ്യമെമ്പാടും ചർച്ചയായി. വിദ്യാഭ്യാസ മേഖലയ്ക്കു സഹായകമായ നിർദേശങ്ങൾ തന്ന് അധ്യാപകരും മറ്റും സർക്കാരിനൊപ്പം നിന്നു. അടിസ്ഥാന മികവിനൊപ്പം അക്കാദമിക നിലവാരവും ഉയർത്താനുള്ള ശ്രമത്തിലാണു സർക്കാർ. ജൂൺ ഒന്നിലെ പ്രവേശനോത്സവത്തിനായി സർവ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് സ്കൂൾ കെട്ടിടം നവീകരിച്ചിരിക്കുന്നത്. നാല് ക്ലാസ് മുറികൾ, ശുചിമുറി, കമ്പ്യൂട്ടർ ലാബ്, ഓഫീസ് റൂം, സ്റ്റാഫ്‌ റൂം എന്നിവയാണ് പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുമ്പളം പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളായ ഉദയത്തുംവാതിൽ എൽ.പി സ്കൂളിനെ യു.പി സ്കൂൾ ആയി ഉയർത്താനുള്ള സാധ്യത പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

കെ.ബാബു എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ്, പള്ളുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി തമ്പി, കുമ്പളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എസ് രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ദീപു കുഞ്ഞുകുട്ടി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി.അലക്സാണ്ടർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.