രുചിയുടെ വൈവിധ്യം ഒരുക്കിയാണ് എന്റെ കേരളം പ്രദർശന വിപണന മേളയുടെ വിജയത്തിന് കുടുംബശ്രീ ചുക്കാൻ പിടിക്കുന്നത്. തൃശൂരിന്റെ തനത് വിഭവങ്ങൾ മുതൽ കാസർകോടിന്റെ രുചിപെരുമ വരെ മേളയിൽ ആസ്വദിക്കാൻ അവസരം ഒരുക്കുകയാണ് കുടുംബശ്രീ. കേരളത്തിന്റെ വടക്കൻരുചികളെ ഒരിക്കൽ കൂടി നാവിൻ തുമ്പിലേയ്ക്ക് പകരുകയാണ് സ്വസ്ഥി കുടുംബശ്രീ. നെയ്പ്പത്തൽ – സോയാസുക്ക കോമ്പോ ഉൾപ്പെടെ കാസർകോടിന്റെ തനത് വിഭവങ്ങൾ ഒരുക്കുകയാണ് സ്വസ്ഥി. തൃശൂർ കോർപ്പറേഷൻ 42-ാം ഡിവിഷനിലെ കല്ല്യാണി കഫേയുടെ മല്ലിയില ബജി, പഴംപൊരി, പഴംനിറച്ചത് തുടങ്ങിയ വിഭവങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. തൃശൂർ മരോട്ടിച്ചാലുള്ള കാര്യാട്ട് ഡ്രൈ ഫ്രൂട്ട്സ് യൂണിറ്റിന്റെ മുരിങ്ങയില സൂപ്പ്, കാരറ്റ്, ബീറ്റ്റൂട്ട്, ചോളം തുടങ്ങി പത്തിനം പുട്ടും റാഗി അപ്പവും നൂട്രി, റാഗി, മുരിങ്ങ തുടങ്ങിയ മില്ലെറ്റുകൾ, മുരിങ്ങ പൗഡർ എന്നിവയ്ക്കും ഫുസ്കോർട്ടിൽ പ്രിയമേറെയാണ്.
മസാലദോശയിൽ ആരംഭിച്ച് നെയ്യ്റോസ്റ്റ്, തട്ടിൽക്കുട്ടി ദോശ, തട്ട്ദോശ, തക്കാളി സുന്ദരി, ത്രീസ്റ്റാർ, ഗോൾഡൻ മസാല, സിൽക്ക് ദോശ, മഞ്ചൂരിയൻ ദോശ എന്നിങ്ങനെ ദോശകളിൽ വിസ്മയം തീർത്ത കൊടകര എംപയർ യൂണിറ്റ് ഫുഡ്കോർട്ടിൽ ഏറെ ശ്രദ്ധ നേടിയ സ്റ്റാളാണ്. കോഴിക്കോടിന്റെ വെജ്മന്തി, മുളംകുന്നത്ത്കാവ് ക്യൂൻ ബേക്കേഴ്സിന്റെ പാനീപൂരി, നോർത്ത് ഇന്ത്യൻ സ്ട്രീറ്റ് ഫുഡ്, കുറാഞ്ചേരി സബിലാഷ യൂണിറ്റിന്റെ ഫ്രഷ് ജ്യൂസ് തുടങ്ങി ഇനങ്ങളും മേളയുടെ ഇഷ്ട വിഭവങ്ങളാണ്.
രുചി വൈവിധ്യങ്ങൾക്ക് പുറമെ ഫുഡ് കോർട്ടിൽ ദിവസേന നടക്കുന്ന പാചക മത്സരങ്ങളും ജനകീയമായി. ജ്യൂസ്, ഷെയ്ക്ക്, പായസം, പരമ്പരാഗത വിഭവങ്ങൾ, കേക്ക്, ദോശ, ബേക്കറി വിഭവങ്ങൾ എന്നിവയിലാണ് മത്സരം. ഫുഡ്കോർട്ടിലെ 9 സ്റ്റാളുകളിലായി 40 ഓളം കുടുംബശ്രീ സംരംഭകർ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീയോട് ചേർന്ന് പ്രവർത്തിക്കുന്ന ഐഫ്രത്തിലെ 5 ട്രെയിനേഴ്സിന്റെ മേൽനോട്ടത്തിലാണ് തൃശൂർ തേക്കിൻകാട് മൈതാനിയിലെ സ്റ്റുഡന്റ്സ് കോർണറിലുള്ള ഫുഡ്കോർട്ട് പ്രവർത്തിക്കുന്നത്.